Site iconSite icon Janayugom Online

ഓണാഘോഷത്തിന് ഹരിതചട്ടം; പരിപാടികള്‍ മാലിന്യമുക്തമാക്കാന്‍ കര്‍ശന നടപടി

ഓണാഘോഷ പരിപാടികള്‍ മാലിന്യമുക്തമാക്കാന്‍ കര്‍ശന നടപടി. വ്യാപാര സ്ഥാപനങ്ങള്‍, ഓണച്ചന്തകള്‍, വിവിധ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍, മേളകള്‍ എന്നിവയില്‍ ഉണ്ടാകാവുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇത്തരത്തിലുള്ള പരിപാടികളില്‍ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കണമെന്നും ഉണ്ടാകുന്ന മാലിന്യം ഉറവിടത്തില്‍ തരംതിരിച്ച് അതത് ദിവസം തന്നെ ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ പാക്കിങ്ങിനും മറ്റുമായി വിപണിയില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്നങ്ങളാണ് ഉപയോഗിക്കേണ്ടത്. ശാസ്ത്രീയ മാലിന്യ സംസ്കരണ രീതി പാലിക്കാത്തവര്‍, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകും. തദ്ദേശ സ്വയംഭരണ വിജിലന്‍സ് സ്ക്വാ‍ഡും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ഈ നടപടികള്‍ ശക്തമാക്കണം.
ഓണാഘോഷ പരിപാടികളിലും മേളകളിലും മാലിന്യം ഒഴിവാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സമിതിയുടെ ഉത്തരവാദിത്തമാണ്. ഇത് നടപ്പിലാകുന്നുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍മാര്‍ അവലോകനം ചെയ്യുകയും ഉറപ്പാക്കുകയും വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചു.
Eng­lish sum­ma­ry; Onam cel­e­bra­tion; Strict action to make the pro­grams garbage free
you may also like this video;

Exit mobile version