Site iconSite icon Janayugom Online

‘കുടിച്ച് പൊളിച്ച്’ ഓണം; 12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 9.34% വർധന

ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വില്പന മറികടന്നാണ് ഇക്കുറി റെക്കോർഡ്. 9.34 ശതമാനത്തിന്റെ വർധനവാണ് വില്പനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല.

അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വില്പന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.

ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വില്പനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി. 30 ശതമാനം കൂടുതൽ വില്പന രണ്ടു ദിവസവുമുണ്ടായി.

Exit mobile version