ഓണക്കാലത്ത് ജനങ്ങള്‍ക്ക് വിലക്കുറവിന്റെ ആശ്വാസമായി സപ്ലൈകോ ഓണച്ചന്തകള്‍ക്ക് തുടക്കമായി. പൊതുവിപണിയേക്കാള്‍ വമ്പന്‍ വിലക്കുറവിലാണ് സബ്സിഡി ഉല്പന്നങ്ങള്‍ ഇത്തവണ എത്തിച്ചിരിക്കുന്നത്. 14 വരെ നടക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. ജില്ലാതല ഫെയറുകൾ ഇന്നു മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ നടക്കും.
1529 രൂപ വില വരുന്ന 13 ഉല്പന്നങ്ങള്‍ 946 രൂപയ്ക്കാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കുന്നത്. 580 ലധികം രൂപയുടെ ലാഭമാണ് ജനങ്ങള്‍ക്ക് ലഭിക്കുക. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ നാല്‍പതോളം ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉല്പന്നങ്ങൾ, മിൽമ, കൈത്തറി ഉല്പന്നങ്ങൾ, പഴം ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാന്റുകളുടെ 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്കും വലിയ വിലക്കുറവുണ്ട്. 255 രൂപയുടെ ആറ് ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിന് വിപണിയിൽ ലഭിക്കും. ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും വിവിധ ബ്രാന്റ് ഉല്പന്നങ്ങൾക്ക് നിലവിൽ നൽകിവരുന്ന വിലക്കുറവിന് പുറമെ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവയും ലഭിക്കും.
സബ്സിഡി ഉല്പന്നങ്ങളുടെ വിലയും പൊതുവിപണിയിലെ വിലയും
ചെറുപയര്‍ — 94.00 (ഒരു കിലോ) — 115.60
ഉഴുന്ന് — 97.00 (ഒരു കിലോ) — 137.54
കടല- 71 .00 — (ഒരു കിലോ)- 103.96
വന്‍പയര്‍— 77.00 (ഒരു കിലോ) — 112.44
തുവരപ്പരിപ്പ്- 113.00 (ഒരു കിലോ) — 185.84
മുളക് — 80.60 (500 ഗ്രാം) — 93.80
മല്ലി- 43.04 (500 ഗ്രാം) — 54.60
പഞ്ചസാര — 36.76 (ഒരു കിലോ) — 46.10
ജയ അരി — 29.00 (ഒരു കിലോ) — 42.50
മാവേലി പച്ചരി — 26.00 (ഒരു കിലോ)
മട്ട അരി — 33.00 (ഒരു കിലോ) — 51.00
ശബരി വെളിച്ചെണ്ണ — 142.80 (ഒരു പായ്ക്കറ്റ് ) — 171. 98