Site iconSite icon Janayugom Online

സമൃദ്ധിയുടെ ഓണം: ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് കിറ്റുകൾ നേരിട്ടെത്തിച്ച് ഉദ്യോഗസ്ഥർ

ജില്ലയിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകൾ ഇന്നലെ മുതൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിച്ചു തുടങ്ങി. 693 എണ്ണമാണ് വിതരണം ചെയ്യാനുള്ളത്. ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ നാലു പേർക്ക് ഒരുകിറ്റ് എന്ന രീതിയിലാണ് വിതരണം. എഎവൈ (മഞ്ഞ) കാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും ജില്ലയിൽ അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു ദിവസം കൊണ്ട് കിറ്റുകൾ കൊടുത്തു തീർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാർ പറഞ്ഞു. തുടക്കത്തിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഒഴിച്ചാൽ എല്ലാ റേഷൻ കടകളിലും നല്ല രീതിയിലാണ് കിറ്റ് വിതരണം നടക്കുന്നത്. ജില്ലയിൽ 38,848 കിറ്റുകളാണ് വിതരണം ചെയ്യാനുള്ളത്. ഇതിൽ 38155 എണ്ണമാണ് എഎവൈ (മഞ്ഞ) കാർഡുടമകൾക്കുള്ളത്. ഇതിൽ 37,377 കിറ്റുകൾ കഴിഞ്ഞ ദിവസം തന്നെ റേഷൻ കടകളിൽ എത്തിച്ചിരുന്നു. ബാക്കിയുള്ള കിറ്റുകളും ഇന്നലെ കടകളിൽ എത്തിച്ചിട്ടുണ്ടെന്നും സപ്ലൈ ഓഫീസർ വ്യക്തമാക്കി. 

സംസ്ഥാനത്തെ ആറ് ലക്ഷത്തോളം എഎവൈ കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരന്ത ബാധിത മേഖലയിലെ കുടുംബങ്ങൾക്കുമാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളാണ് കിറ്റിലുള്ളത്. ഇതിന് പുറമെ നീല കാർഡുകാർക്ക് സാധാരണ റേഷന് പുറമെ പത്ത് കിലോ അരിയും വെള്ള കാർഡുകാർക്ക് പത്ത് കിലോ അരിയും 10. 90 രൂപ നിരക്കിൽ നൽകുന്നുണ്ട്. സപ്ലൈക്കോ, കൺസ്യൂമർ ഫെഡ് ഓണച്ചന്തകളിലൂടെ വിപണി വിലയേക്കാൾ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. 

Exit mobile version