Site iconSite icon Janayugom Online

കാണം വില്‍ക്കാതെ ഓണം; പരമ്പരാഗത തൊഴിലാളികൾക്ക്‌ 45 കോടി

kitskits

വയനാട്ടിലെ സിക്കിള്‍ സെൽ അനീമിയ രോഗികൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകും. കഴിഞ്ഞ വർഷം മുതലാണ് ഇവര്‍ക്ക് ഓണക്കിറ്റ് ലഭ്യമാക്കിത്തുടങ്ങിയത്.
നിലവിൽ നൽകുന്ന പോഷക കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം മിക്സ്, തേയില, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

വയനാട് ജില്ലയിലെ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. 2023–24 സാമ്പത്തിക വർഷത്തിൽ 1,20,000 അരിവാൾരോഗ പരിശോധനകൾ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും കണ്ടെത്തിയ 58 പുതിയ രോഗികൾക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയര്‍ വർഗങ്ങൾ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികൾക്കും നൽകുന്നുണ്ട്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ നല്‍കാനായി 5.86 കോടി രൂപ അധികത്തുകയായി അനുവദിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 9,248 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുകയെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 8,94,922 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌.
പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഫിസർമാർക്ക്‌ 2,750 രൂപ ഉത്സവബത്ത നിശ്ചയിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക്‌ 1,250 രൂപ ഉത്സവബത്ത ലഭിക്കും. 

Exit mobile version