Site iconSite icon Janayugom Online

ഓണനിലാവ്

onanilavuonanilavu

ഓണമുണ്ടോടിക്കിതപ്പാറ്റിയെത്തുന്ന
ഓർമ്മകൾക്കെന്തു സുഗന്ധം!
കോടക്കാർ മാഞ്ഞുപോയ് മാനം വിടർത്തുന്ന
വാർമഴവില്ലിന്റെ ചന്തം
മാവേലിനാളിന്നപദാനപ്പെയ്ത്തുകൾ
നാവേറ്റുപാടുന്ന നാളായ്
പൂവേപൊലിപ്പാട്ടിൻ നെഞ്ചകത്താർപ്പിന്റെ
ആവേശമൊന്നായുണർന്നു
മുക്കുറ്റി തുമ്പപ്പൂ ചന്തം വിടർത്തുന്ന
മുക്കിലുമുന്മത്ത നൃത്തം
നന്മതൻ നാവേറു പാടുന്നൊരോണനാൾ
വെണ്മയിൽ പെയ്തിറങ്ങുന്നു
പൂനുള്ളാനോടുന്ന ബാല്യകൗമാരങ്ങൾ
ആവേശമേറ്റുന്ന ചിത്രം
പുത്തനുടുപ്പിന്റെ ചന്തത്തിലാറാടി
ചിത്തങ്ങളൊന്നായ് തുടിച്ചു
ഓണക്കളികളിലാവേശപൂരമായ്
ഓണനിലാക്കുളിർ പെയ്തു
മുത്തമിട്ടോടുന്ന വണ്ടിന്റെ ചുണ്ടിലും
പുത്തനുണർവേകി പൂന്തേൻ
വർണങ്ങൾ വാരിപ്പുതച്ചെത്തും കാഴ്ചകൾ
വർണിച്ചിടാൻ വാക്കിതെങ്ങോ?
ഓണനാളൊത്തുചേർന്നീ തിരുമുറ്റത്തി-
ന്നാമോദം പൂക്കളം തീർക്കാം
ഇല്ലായ്മ വല്ലായ്മയെല്ലാം മറന്നൊരു
നല്ല നാളെല്ലാർക്കുമോണം
തോളത്തുതട്ടി കൈചേർക്കുന്ന സൗഹൃദം
നീളെപ്പടർത്തുന്ന നന്മ! 

Exit mobile version