Site iconSite icon Janayugom Online

ഒരിക്കൽക്കൂടി ചരിത്രം രചിച്ച് കേരളം; സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി മാറി

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. സംസ്ഥാനം കൈവരിച്ച ഈ ചരിത്രനേട്ടത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലൂടെ കേരളം ഒരിക്കല്‍ക്കൂടി ചരിത്രം രചിക്കുകയാണെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം അതിന്റെ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങള്‍ക്കൊണ്ട് എന്നും ഇന്ത്യക്ക് മാതൃകയാണ്. 1991ല്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയപ്പോള്‍, 2011ലെ സെന്‍സസ് പ്രകാരം 93.91% സാക്ഷരതാ നിരക്കുമായി അത് വീണ്ടും ദേശീയ ശ്രദ്ധ നേടി. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാക്ഷരത എന്നത് കേവലം എഴുത്തും വായനയും മാത്രമല്ല, ഇന്റര്‍നെറ്റ് അധിഷ്ഠിത ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള കഴിവ് കൂടിയായി മാറിയെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് 2021ല്‍ പുല്ലംപാറയില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ 2022 സെപ്റ്റംബര്‍ 21ന് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി മാറി. ഡിജി പുല്ലംപാറ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 വാര്‍ഡുകളിലായി 3300 പേര്‍ക്ക് പരിശീലനം നല്‍കി എല്ലാവരെയും ഡിജിറ്റല്‍ സാക്ഷരര്‍ ആക്കി. ഡിജി പുല്ലംപാറയുടെ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്താകെ ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പുല്ലംപാറ പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചാണ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയത്. ഒന്നരക്കോടി ആളുകളെ സര്‍വേക്ക് വിധേയമാക്കിയതില്‍ 99.98 പേരും മൂല്യനിര്‍ണയത്തില്‍ ജയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സര്‍വേ നടത്തിയത്. 2,57,000 വോളണ്ടിയര്‍മാര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു.
നാളെ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ബ്രിട്ടാസ്, എ എ റഹീം, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version