Site iconSite icon Janayugom Online

ഒന്നരവയസുകാരന് എയർ ആംബുലൻസ് നിഷേധിച്ചു; കേന്ദ്ര മന്ത്രിക്ക് പറക്കാൻ തടസമില്ല

അടിയന്തര ചികിത്സവേണ്ട രോഗികളെ ലക്ഷദ്വീപില്‍ നിന്നും കൊച്ചിയിലെത്തിക്കേണ്ട എയർ ആംബുലൻസ് കേന്ദ്രമന്ത്രിയുടെ സന്ദർശനത്തിന് വിട്ടുനൽകി ലക്ഷദ്വീപ് ഭരണകൂടം.

ഒന്നരവയസുകാരനടക്കം ഏഴുപേരാണ് ഗുരുതരാവസ്ഥയിൽ വിവിധ ദ്വീപുകളിൽ എയർ ആംബുലൻസിന് കാത്തിരിക്കുന്നത്. അടിയന്തര ചികിത്സയ്ക്കായി മൂന്നുനാല് ദിവസംമുമ്പേ കൊച്ചിയിൽ എത്തേണ്ടവർക്കാണ് സാങ്കേതിക തകരാറെന്നും മന്ത്രിയുടെ സന്ദർശനമെന്നും പറഞ്ഞ് ഹെലികോപ്റ്റർ നിഷേധിച്ചത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രണ്ട് ആംബുലൻസ് വ്യാഴാഴ്ച അനുവദിച്ചു. കൂടുതൽ രോഗികൾ ഇനിയും കാത്തിരിപ്പിലാണ്.

മൂന്ന് എയർ ആംബുലൻസാണ് അടിയന്തരഘട്ടങ്ങളിൽ രോഗികളെ കൊച്ചിയിലെത്തിക്കാൻ ലക്ഷദ്വീപിലുള്ളത്. എന്നാൽ, മോശം കാലാവസ്ഥ, സാങ്കേതിക തകരാർ തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് ഹെലികോപ്റ്റർ നിഷേധിക്കുന്ന സമീപനമാണ് അഡ്മിനിസ്ട്രേഷന്റേത്.

കഴിഞ്ഞ നാലു ദിവസത്തിനിടെ ഏഴു രോഗികളാണ് അടിയന്തര ചികിത്സയ്ക്ക് കൊച്ചിക്ക് പോകാനെത്തിയത്. തലയിൽ തേങ്ങ വീണ് ഗുരുതര പരിക്കേറ്റ ഒന്നരവയസുകാരനും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, സാങ്കേതിക തകരാർ പറഞ്ഞ് ഹെലികോപ്റ്റർ നിഷേധിച്ചു.

ഇതിനിടെയാണ് ബുധനാഴ്ച വൈകിട്ട് ദ്വീപ് സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേയ്ക്കുവേണ്ടി ഹെലികോപ്റ്റർ വിട്ടുനൽകിയത്. വ്യാഴാഴ്ച വിനോദസഞ്ചാര ദ്വീപായ ബംഗാരത്തിലേക്കായിരുന്നു മന്ത്രിയുടെ യാത്ര.

മറ്റുചില പരിപാടികളിലും പങ്കെടുത്തു. വിവരം പുറത്തായതോടെ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കളും മറ്റും രംഗത്തുവന്നു. ഇതോടെയാണ് രണ്ട് കോപ്റ്ററുകൾ വിട്ടുനൽകിയത്.

അടിയന്തര ചികിത്സവേണ്ട രോഗികൾക്ക് പലപ്പോഴും എയർ ആംബുലൻസ് അനുവദിക്കാറില്ലെന്ന വ്യാപക പരാതിക്കിടെയാണ് പുതിയ സംഭവം. ദ്വീപിലേക്ക് യാത്രാ കപ്പലുകൾ അനുവദിക്കാത്തതിനെതിരെ എഐവൈഎഫ് അടക്കമുള്ള സംഘടനകൾ സമര രംഗത്താണ്.

Eng­lish sum­ma­ry; One-and-a-half-year-old denied air ambu­lance; The Union Min­is­ter is not barred from flying

You may also like this video;

Exit mobile version