ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ത്ത് സിപിഐ. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് ഇത്തരമൊരു പരിഷ്കാരമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഒരേ സമയം പൊതു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള നീക്കം ജനങ്ങളുടെ സമ്മതിദാന അവകാശത്തില്‍ നുഴഞ്ഞുകയറാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ചെലവ് ചുരുക്കാനാണ് ഒരേസമയം തെരഞ്ഞെടുപ്പ് എന്ന വാദം കപടമാണ്. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ വന്‍ തോതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വാങ്ങേണ്ടി വരും. ഇതിന് ഭീമമായ തുക കണ്ടെത്തണം. ഇവ സുരക്ഷിതമായി സൂക്ഷിക്കാനും അധികം ചെലവുണ്ട്. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്താവുന്ന മെഷീനുകള്‍ അഞ്ച് വര്‍ഷത്തേക്ക് പൂട്ടിവയ്ക്കുന്നത് യുക്തിരഹിതമാണെന്നും കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാകുന്ന ഭീമമായ ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോര്‍ട്ടിലെ സ്റ്റേറ്റ് ഫണ്ടിങ്ങ് പോലുള്ള ബദല്‍ ശുപാര്‍ശകളും സമഗ്ര മാറ്റങ്ങളുമാണ് പരിഗണിക്കേണ്ടത്. കേന്ദ്ര നിയമ കമ്മിഷനു മുന്നില്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച അഭിപ്രായ ഭിന്നതയും സമിതി സെക്രട്ടറി നിരേന്‍ ചന്ദ്രക്ക് അയച്ച കത്തില്‍ സിപിഐ ചൂണ്ടിക്കാട്ടി.
English Summary: One country one election unconstitutional: CPI
You may also like this video