Site iconSite icon Janayugom Online

“നൂറ് കുട്ടികളെ ദത്ത് നല്‍കി “സംസ്ഥാന ശിശുക്ഷേമ സമിതി

സംസ്ഥാന ശിശുക്ഷമ സമിതിയുടെ വിവിധ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ പോറ്റമ്മമാരുടെ സ്നേഹവാത്സല്യ തണലില്‍ വളര്‍ന്ന നൂറ് കുരുന്നുകളെ ദത്ത് നൽകി ശിശുക്ഷേമ സമിതി. പുതിയ ഭരണസമിതി 2023 ഫെബ്രുവരിയില്‍ ചുമതലയേറ്റ് ഒന്നര വർഷം പിന്നിട്ടപ്പോഴാണ് സമിതി അപൂർവ റെക്കോഡിലേക്ക് കടന്നിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നും ഏഴ് കുട്ടികൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുതിയ മതാപിതാക്കളൊടൊപ്പം കൈപിടിച്ച് പടിയിറങ്ങിയപ്പൊഴാണ് ദത്ത് പോയവരുടെ എണ്ണം നൂറ് തികഞ്ഞത്. ഇതില്‍ 17കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്കാണ് പോയത്. ഇതും സര്‍വകാല റെക്കോഡാണ്. കേരളത്തിൽ 49 പേരും മറ്റ് സംസ്ഥാനങ്ങളിലേക്ക് 34 പേരും ദത്ത് പോയി. സ്വദേശത്തേക്ക് ഏറ്റവും അധികം കുട്ടികളെ മതാപിതാക്കൾ തങ്ങളുടെ ജീവതത്തോടൊപ്പം മക്കളായി സ്വീകരിച്ചത് തമിഴ് നാട്ടിൽ നിന്നാണ് 19 പേർ. 

ഇതാദ്യമായാണ് ഒന്നര വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഇത്രയധികം കുട്ടികളെ സനാഥത്ത്വത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതെന്ന് ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ ഗോപി പറഞ്ഞു. അമ്മത്തൊട്ടില്‍ വഴിയും മറ്റ് പലതരത്തിലും ലഭിക്കുന്ന കുരുന്നുകളെ വിവിധ പരിചരണ കേന്ദ്രങ്ങളില്‍ മതിയായ പരിചരണവും സുരക്ഷയും നല്‍കി ദത്ത് നല്‍കല്‍ പ്രക്രിയ വളരെ സുതാര്യമാക്കി ധ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചതുകൊണ്ടാണ് ഇത്രയധികം കുട്ടികളെ കുട്ടികളില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ കൈമാറാന്‍ കഴിഞ്ഞതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇന്ത്യയ്ക്ക അകത്തു നിന്നും പുറത്തു നിന്നും കേന്ദ്ര അഡോപ്ഷന്‍ ഏജന്‍സിയായ കാര വഴിയാണ് ഓണ്‍ലൈനായി ദത്തെടുക്കല്‍ അപേക്ഷ നല്‍കുന്നത്. ഇതില്‍ മുന്‍ഗണനാക്രമ പ്രകാരം കാര നിർദ്ദേശ പ്രകാരം നിയമപരമായി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് ദത്ത് നല്‍കുന്നത്.

വിദേശത്തേക്ക് അമേരിക്ക (അഞ്ച്), ഇറ്റലി (നാല്) ഡെന്‍മാര്‍ക്ക് (നാല്), യുഎഇ- (മൂന്ന്) സ്വീഡൻ (ഒന്ന്) എന്നിങ്ങനെ പതിനേഴ് കുട്ടികളാണ് പറന്നത്. കേരളത്തില്‍ 49 പേരും മറ്റ് സംസ്ഥാനങ്ങളില്‍ ; തമിഴ്നാട് — 19 ആന്ധ്രാ പ്രദേശ് — മൂന്ന്, കര്‍ണാടക — ഏഴ്, മഹാരാഷ്ട്ര‑ഒന്ന്, തെല്ലങ്കാന — രണ്ട്, പശ്ചിമ ബംഗാൾ — ഒന്ന്, പോണ്ടിച്ചേരി ‑ഒന്ന്, എന്നിങ്ങനെ 34 പേര്‍ ദത്ത് പോയി. ആകെ ദത്ത് നല്‍കിയ കുട്ടികളില്‍ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്നുമാണ് എറ്റുവും കൂടുതൽ പോയത്. ഇതും ചരിത്രത്തില്‍ ആദ്യമായാണ്. ഉപേക്ഷിക്കുന്ന ബാല്യങ്ങളെ സ്വീകരിച്ച് പരിരക്ഷിക്കുവാന്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരിരക്ഷയ്ക്കായി എത്തുന്നതും തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്.

Exit mobile version