സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതികളായിരിക്കും. ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത ശേഷം സര്‍ക്കാരിലേക്ക് സ്വമേധയാ സറണ്ടര്‍ ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ 1,53,242 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. രണ്ടാം ഇടതു സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് തയാറാക്കിയ 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൂടി തരം മാറ്റി ഇന്ന് വിതരണം ചെയ്യും.
ഇതോടെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം 2,53,999 ആകും. ഏറ്റവും അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് തരം മാറ്റിയ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്തിട്ടുമുണ്ട്. കേരളത്തിലെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ഇതോടൊപ്പം മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തൃശൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍, മലപ്പുറത്ത് മന്ത്രി വി അബ്ദു റഹ്മാന്‍ എന്നിവരും മുന്‍ഗണനാ കാര്‍ഡ് വിതരണത്തിന് നേതൃത്വം നല്‍കും. മറ്റു ജില്ലകളില്‍ എംഎല്‍എമാരുടെ സാന്നിധ്യത്തിലാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
English summary; One lakh new priority ration cards to be distributed today
You may also like this video;