ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ക്ഷാമം രൂക്ഷം. സർക്കാരിന്റെ പ്രൈമറി, അപ്പർ പ്രൈമറി, കോമ്പോസിറ്റ് സ്കൂളുകളിലാണ് അധ്യാപകരുടെ ക്ഷാമം രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രെെമറി സ്കൂളുകളിൽ 51,000ത്തോളവും സെക്കന്‍ഡറി വിഭാഗത്തില്‍ 33,000ഉം ഒഴിവുകളുണ്ട്. ബേസിക് എജ്യുക്കേഷൻ ബോർഡ് സ്കൂളുകളുടെ പുതിയ അക്കാദമിക് സെഷൻ ഏപ്രിൽ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കെ, സംസ്ഥാനത്തെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ 51,000ത്തോളം അസിസ്റ്റന്റ് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇക്കാര്യം അടിസ്ഥാന വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് അടുത്തിടെ നിയമസഭയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അധ്യാപക ജോലികൾക്കായി പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഉണ്ടാകില്ലെന്നുള്ള കാര്യവും സിങ് സൂചിപ്പിച്ചു.
2021 ഏപ്രിൽ ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുള്ള 20 മാസത്തിനിടെ വിവിധ ജില്ലകളിലായി 6,696 ഉദ്യോഗാർത്ഥികളെ നിയമിച്ചതായി യുപി നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സിങ് പറഞ്ഞിരുന്നു. “നിലവിൽ, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപക തസ്തികകളിലേക്ക് രണ്ട് റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തുന്നു. എന്നിരുന്നാലും, ഇതിനെതിരെയുള്ള കേസുകൾ കോടതികളിൽ നിലനിൽക്കുന്നതിനാൽ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളെ ബാധിക്കുന്നുണ്ട്. കോടതിയുടെ ഉത്തരവുകൾ അനുസരിച്ച് ഞങ്ങൾ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളുമായി മുന്നോട്ട് പോകും. അതിനാൽ, ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) പാസായ ഉദ്യോഗാർത്ഥികൾക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നതിനെക്കുറിച്ചും നിലവിൽ ഒരു നിർദേശവും പരിഗണനയിലില്ല,” സിങ് പറഞ്ഞു.
സംസ്ഥാനത്തെ 2,373 സർക്കാർ, 4,512 സർക്കാർ ഇതര സെക്കൻഡറി സ്കൂളുകളിലായി 33,000 ധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിലെ അധ്യാപക ഒഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി പറഞ്ഞു. അധ്യാപകരുടെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ സർവീസ് സെലക്ഷൻ ബോർഡിന് (യുപിഎസ്ഇഎസ്എസ്ബി) അയച്ചിട്ടുണ്ടെന്ന് മന്ത്രി സംസ്ഥാന നിയമസഭയെ അറിയിച്ചു. യുപിഎസ്ഇഎസ്എസ്ബിയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന് ലഭിച്ചതിന് ശേഷം നിയമന നടപടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
എന്നാല്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധ്യാപക നിയമനത്തില്‍ കള്ളം പറയുകയാണെന്ന് രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (ആർഎസ്എം) ദേശീയ വക്താവ് വീരേന്ദ്ര മിശ്ര പറഞ്ഞു. സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരുണ്ടെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അധ്യാപകരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും മിശ്ര വ്യക്തമാക്കി. ഏകദേശം 7,000 സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ അധ്യാപകരുടെ അഭാവത്തിൽ അടച്ചുപൂട്ടുകയോ ഒരു അധ്യാപകൻ മാത്രമുള്ളതോ ആണെന്ന് രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് അവകാശപ്പെട്ടു. പ്രൈമറി, സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ അധ്യാപകരുടെ കുറവ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Sammury: There are more than one lakh teaching posts lying vacant in UP