Site iconSite icon Janayugom Online

ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍; പിടിയിലായത് ഉമർ നബിയുടെ സഹായി

ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. ചാവേർ ബോംബറായ ഉമർ ഉൻ നബിയുടെ സഹായി അമീർ റഷീദ് അലിയെയാണ് എൻഐഎ അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി.

 

കേസില്‍ ഇതാദ്യമാാണ് ഏജൻസി പ്രതികരിക്കുന്നത്. ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറയിൽ താമസിക്കുന്ന അമീർ റഷീദ് അലി, ചാവേർ ബോംബറായ ഉമർ ഉൻ നബിയുമായി ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാറിന്റെ ഡ്രൈവർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഉമർ നബിയാണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

 

സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകയാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

Exit mobile version