Site iconSite icon Janayugom Online

ഹമാസ് കൈമാറിയ മൃതദേഹങ്ങളിൽ ഒന്ന് ബന്ദിയുടേതല്ല; മുന്നറിയിപ്പ് നല്‍കി സൈന്യം

ഹമാസ് കെെമാറിയ നാല് മൃതദേഹങ്ങളില്‍ ഒന്ന് ഗാസയില്‍ നിന്ന് കാണാതായ ബന്ദിയുടേതല്ലെന്ന് ഇസ്രയേല്‍. ടെല്‍ അവീവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിനില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ബന്ദിയുടേതല്ലെന്ന് സ്ഥിരീകരിച്ചത്. തമീർ നിമ്രോഡി (18), യൂറിയൽ ബറൂച്ച് (35), എയ്റ്റൻ ലെവി (53) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിന് ഹമാസ് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇസ്രയേല്‍ സെെന്യം ആവശ്യപ്പെട്ടു. കാണാതായ 28 ബന്ദികളിൽ നാലുപേരുടെ മൃതദേഹങ്ങളായിരുന്നു കെെമാറിയത്. ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിര്‍ത്തി അടച്ചിടുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് മൃതദേഹം കെെമാറാനുള്ള നീക്കങ്ങള്‍ ഹമാസ് ആരംഭിച്ചത്. ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട 360 പലസ്തീനികളുടെ മൃതദേഹങ്ങൾക്ക് പകരമായാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നത്.

അതേസമയം, മൃതദേഹം തെറ്റായി കെെമാറിയെന്ന് സ്ഥിരീകരിച്ചതോടെ ഭീഷണികളുമായി ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രംഗത്തെത്തി. ഹമാസ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നൂറുകണക്കിന് ട്രക്കുകൾക്ക് അതിർത്തികൾ തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെ ഹമാസ് വളരെ പെട്ടെന്ന് നിലപാടുകള്‍ മാറ്റി. കള്ളം പറയുക, വഞ്ചിക്കുക, കുടുംബങ്ങളെയും മൃതശരീരങ്ങളും ദുരുപയോഗം ചെയ്യുക തുടങ്ങിയ പതിവ് രീതിയാണ് ഹമാസ് സ്വീകരിക്കുന്നത്. ഈ ഭീകരതയ്ക്ക് ബലപ്രയോഗം മാത്രമേ മനസിലാകൂ. അതിനെ നേരിടാനുള്ള ഏക മാര്‍ഗം ഹമാസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്നതാണെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു. ഹമാസിന് വ്യക്തമായ അന്ത്യശാസനം നൽകാൻ ബെൻ ഗ്വിർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകിയില്ലെങ്കിൽ സഹായ വിതരണം അവസാനിപ്പിക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി. എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതുവരെ സെെന്യം വിശ്രമിക്കില്ല. ഇത് സെെന്യത്തിന്റെ ധാർമ്മികവും ദേശീയവും വംശീയപരവുമായ കടമയാണെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) മേധാവി ജനറൽ ഇയാൽ സമീർ പറഞ്ഞു.

വെടിനിർത്തൽ കരാർ പ്രകാരം, ഗാസയിലെ ആശുപത്രികളിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയ ചില ഡോക്ടർമാരെയും നഴ്‌സുമാരെയും പാരാമെഡിക്കുകളെയും ഇസ്രയേൽ മോചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരമില്ല. കമാന്‍ അദ്വാന്‍ ആശുപത്രി ഡയറക്ടറും ശിശുരോഗവിദഗ്ധനുമായ ഡോ. ഹുസാം അബു സഫിയ ഉൾപ്പെടെ 100ലധികം പേർ ഇപ്പോഴും ഇസ്രായേലി ജയിലുകളിൽ കഴിയുന്നുണ്ട്. കുറ്റം ചുമത്താതെയാണ് അബു സഫിയയെ 10 മാസമായി ഇസ്രയേല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 31 ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 55 മെഡിക്കൽ തൊഴിലാളികൾ മോചിപ്പിക്കപ്പെട്ട തടവുകാരുടെ പട്ടികയിൽ ഉണ്ടെന്നാണ് ഹെൽത്ത് കെയർ വർക്കേഴ്സ് വാച്ചിന്റെ കണക്ക്. കുറഞ്ഞത് 115 മെഡിക്കൽ പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ തുടരുകയാണെന്നും, ഇസ്രായേൽ ജയിലുകളിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ വിട്ടുനല്‍കിയിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. 

Exit mobile version