Site iconSite icon Janayugom Online

കശ്മീർ രാജ്യസഭാ തെരഞ്ഞടുപ്പിൽ ഒരു സീറ്റ് ബിജെപിക്ക്; നാഷണൽ കോൺഫറൻസിലെ ആരും കൂറുമാറിയില്ലെന്ന് ഉമർ അബ്ദുല്ല

ജമ്മുകശ്മീരിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ചില പാർട്ടികളിലെ എം.എൽ.എമാർ കൂറുമാറി വോട്ടു ചെയ്തെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ബി.ജെ.പി ഒരു സീറ്റിൽ വിജയിക്കാൻ കാരണം ഈ കൂറുമാറ്റമാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, നാഷനൽ കോൺഫറൻസിൽനിന്ന് ആരും കൂറുമാറിയില്ലെന്നും പറഞ്ഞു. വെള്ളിയാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടുചെയ്തെന്ന് വ്യക്തമാവുകയും പിന്നാലെ നാഷനൽ കോൺഫറൻസ് എം.എൽ.എമാരാണ് ക്രോസ് വോട്ട് നടത്തിയതെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം.

ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മൂന്നെണ്ണം ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് നേടിയെങ്കിലും ഒരു സീറ്റിൽ ബി.ജെ.പി അപ്രതീക്ഷിത ജയം നേടുകയായിരുന്നു. 28 നിയമസഭാംഗങ്ങൾ മാത്രമുള്ള ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ സത് ശർമക്ക് 32 വോട്ടുകൾ കിട്ടി. ഇതോടെ എം.എൽ.എമാർ കൂറ് മാറി വോട്ട് ചെയ്തുവെന്ന് വ്യക്തമായി. വിജയിക്കാനുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിലാണ് ബി.ജെ.പി നാടകീയ വിജയം സ്വന്തമാക്കിയത്.

മുതിര്‍ന്ന മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് രാജ്യസഭ സീറ്റുകളില്‍ വിജയിച്ചത്. മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹമ്മദ് കിച്ച്‌ലു, പാര്‍ട്ടി ഖജാന്‍ജി ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് വിജയിച്ചത്. 90 അംഗ നിയമസഭയില്‍ നിലവിലെ 88 അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി ഹാജരായത്. റംസാന് 58 വോട്ടും കിച്ച്‌ലുവിന് 57 വോട്ടുകളുമാണ് യഥാക്രമം ലഭിച്ചത്.

Exit mobile version