ലോകത്തെ പല കോണുകളിൽനിന്ന് ചരിത്രപരമായും രാഷ്ട്രീയപരമായും ദാർശനികമായും അവതരിപ്പിക്കുകയാണ്
നോവൽ ചെയ്യുന്നതെന്ന് എഴുത്തുകാരൻ ഇ സന്തോഷ് കുമാർ. നിയമസഭ പുസ്തകോത്സവത്തിന്റെ ആറാം ദിനം ‘അനുഭവം, ചരിത്രം, ആഖ്യാനം, നോവലിന്റെ കല’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിന് സമഗ്രമായ സ്വഭാവമുണ്ട്. അത് രാഷ്ട്രീയപരവും ചരിത്രപരവും ദാർശനികവുമായ കാര്യങ്ങൾ പറയും. “നാം ജീവിക്കുന്ന കാലഘട്ടം വളരെ ഗൗരവമേറിയതാണ്. പക്ഷെ, അതിന്റെ ഘനസാന്ദ്രത മനസ്സിലാക്കാൻ നാം വൈകുന്നു. അതുകൊണ്ടുതന്നെ നോവലിൽ പരാമർശിക്കുന്ന കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് നാം ബോധവാന്മാരാകണം,“അദ്ദേഹം നിരീക്ഷിച്ചു.
വിഖ്യാത പെറുവിയൻ സാഹിത്യകാരൻ മാരിയോ വർഗാസ് യോസയുടെ ‘ഹാർഷ് ടൈം’ എന്ന നോവൽ ഉദാഹരണമായി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. “അമേരിക്കയിൽ മാൻഹട്ടനിലെ ഒരു ഓഫീസിൽ രണ്ട് ജൂതന്മാർ കണ്ടുമുട്ടിയപ്പോൾ എങ്ങനെ ലാറ്റിനമേരിക്കയുടെ ചരിത്രം മാറിമറിഞ്ഞു എന്നാണ് നോവൽ പറയുന്നത്. പബ്ലിക് റിലേഷൻസ് ആചാര്യന്മാരിൽ ഒരാളായ എഡ്‌വാർഡ് ബർണെസും ‘യുണൈറ്റഡ് ഫ്രൂട്സ്’ എന്ന കുത്തക വാഴപ്പഴ കമ്പനിയുടെ മുതലാളിയുമായ സാം സെമുറെയുമാണ് അന്ന് കണ്ടുമുട്ടിയത്. തന്റെ കച്ചവട താല്പര്യത്തിനായി ഗ്വാട്ടിമാലയിലെ ഭരണകൂടത്തെ അട്ടിമറിക്കാനായിരുന്നു സാം പി ആർ സഹായം തേടിയത്. അമേരിക്കയെ ഉപയോഗിച്ച് ഗ്വാട്ടിമാലയിൽ സർക്കാരിനെ അട്ടിമറിക്കാൻ ആ നാട്ടിൽ കമ്മ്യുണിസം വ്യാപിക്കാൻ പോകുന്നു എന്ന പ്രോപഗണ്ട ബർണെസ് നടത്തുന്നു. തുടർന്ന് അമേരിക്ക ഇടപെടുകയും ഗ്വാട്ടിമാലയിലെ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കുകയും ചെയ്യുന്നതാണ് നോവൽ പറയുന്നത്.”
ലോകത്ത് ഫാസിസം എങ്ങിനെ പതിയെ കടന്നുവരുന്നു എന്ന് പറയുന്ന കസുവോ ഇഷിഗുരോയുടെ ‘ദി റിമെയിൻസ് ഓഫ് ദി ഡേ’ എന്ന നോവലും അദ്ദേഹം എടുത്തു പറഞ്ഞു. “അനുഭവങ്ങൾ മാത്രം എടുത്തു വച്ചാൽ നോവലാകില്ല. അനുഭവങ്ങളെ തീക്ഷണമായ രീതിയിൽ അവതരിപ്പിക്കേണ്ടതുണ്ട്. വെള്ളം ആർത്തലച്ചു വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു പാറക്കെട്ടിൽ നിസ്സഹായനായി നിൽക്കുന്ന ഒരു മനുഷ്യനും ഒരു നായയിൽ നിന്നുമാണ് വയലാർ അവാർഡ് നേടിയ തന്റെ നോവൽ ‘തപോമയിയുടെ അച്ഛൻ’ തുടങ്ങുന്നതെന്ന് സന്തോഷ് കുമാർ പറഞ്ഞു.
‘അന്ധകാരനഴി’ എന്ന നോവലിൽ വിപ്ലവകാരികൾ ജന്മിയെ ആളുമാറി കൊല്ലുകയാണ്. പക്ഷേ, അയാൾ കൊല്ലപ്പെടേണ്ടതാണ് എന്ന രീതിയിലാണ് പിന്നീട് പ്രചരിപ്പിക്കുന്നത്.‘തപോമയിയുടെ അച്ഛൻ’ പ്രമേയമാക്കുന്ന അഭയാർത്ഥികളുടെ നീറുന്ന പ്രശ്നം മുൻപ് ആനന്ദ്, വി കെ ശ്രീരാമൻ എന്നിവരുടെ കൃതികളിലും പ്രമേയമായിട്ടുണ്ടെങ്കിലും പുതിയ ഒരു സംഗതി കണ്ടെത്താനാണ് താൻ ശ്രമിക്കുന്നത്. “മുൻപേ പോയ മനുഷ്യരുടെ നിഴലുകൾ ഉണ്ടാകാം. എന്നിരുന്നാലും പുതിയ ഒരു സംഗതി കണ്ടെത്താനാണ് ശ്രമിക്കുന്നത്. വയലാർ അവാർഡ് കിട്ടിയതുകൊണ്ട് മാത്രം ഒരു കൃതി കാലത്തെ അതിജയിക്കില്ല. സൃഷ്ടി കാലാതിവർത്തിയാണോ എന്നത് കാലം
തെളിയിക്കും,” ഇ സന്തോഷ് കുമാർ പറഞ്ഞുനിർത്തി.

