സഖാവ് നല്ലകണ്ണിനെ ഒരിക്കൽ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളൂ. പക്ഷേ കേട്ടും വായിച്ചും ആ നല്ല പോരാളിയുടെ പൂർണകായ ചിത്രം മനസ്സിൽ ചെറുപ്പത്തിൽത്തന്നെ പതിഞ്ഞിരുന്നു. ഒരു കോടി രൂപയ്ക്ക് ഇന്നത്തെക്കാൾ മൂല്യക്കൂടുതൽ ഉണ്ടായിരുന്ന രണ്ട് പതിറ്റാണ്ട് മുമ്പാണ് തമിഴ്‌നാ ട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും നവതിയിൽ എത്തിയ നല്ലകണ്ണിന് അത്രയും തുക പാരിതോഷികമായി നൽകുന്നതിന് തീരുമാനിച്ചത്. പക്ഷേ, ആ തുക അദ്ദേഹം മറ്റുള്ളവരുടെ ക്ഷേമത്തിന് വിനിയോഗിച്ചാൽ മതിയെന്ന് പറഞ്ഞ് പാർട്ടി നേതാക്കൾക്ക് തന്നെ തിരികെ നൽകി. 1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന ദിവസം ജനിച്ച അദ്ദേഹം ബുദ്ധിയുറച്ച പ്രായം മുതൽ ആരംഭിച്ചതാണ് പാർട്ടിക്കൊപ്പമുള്ള സഞ്ചാരം. 15 വയസിൽ കമ്മ്യൂണിസ്റ്റുകാരനായെങ്കിലും 18 വയസിൽ മാത്രമേ തനിക്ക് പാർട്ടി അംഗത്വവും കിട്ടിയുള്ളൂ എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പരിഭവം പോലെ പറഞ്ഞിരുന്നു. പാർട്ടി ഭരണഘടന പ്രകാരം അംഗത്വത്തിന് 18 വയസ് തികയണം എന്ന വ്യവസ്ഥയുള്ളതാണ് വൈകുന്നതിന് കാരണമായതെന്ന് പി സായിനാഥിന് നൽകിയ ദീർഘ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള തൂത്തുക്കുടി ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ചെന്നൈയിൽ വച്ചാണ് കഴിഞ്ഞദിവസം അന്തരിക്കുന്നത്. അവസാനത്തെ കുറെയധികം വർഷങ്ങൾ അദ്ദേഹം ജീവിച്ചതും ചെന്നൈയിലായിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ആരംഭിച്ച പോരാട്ട ജീവിതം തമിഴ്നാട്ടിൽ ആകെപ്പടർന്ന് ചെന്നൈയിൽ കേന്ദ്രീകരിച്ച് പിന്നെയും തുടർന്നു. ചെന്നൈയിലെത്തി കർഷകരുടെയും തൊഴിലാളികളുടെയും പോരാട്ടത്തിന്റെ നായകനായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി, അങ്ങനെ നല്ലകണ്ണ് ചെന്നൈക്കാരനായി.
സ്വാതന്ത്രസമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെയും സ്വാതന്ത്ര്യാനന്തരം സ്വന്തം നാട്ടിലെ ജനങ്ങളുടെ ഉന്നതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് അദ്ദേഹം നായകത്വം വഹിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾ നേടിയെടുക്കുന്നതിന് പോരാട്ടപഥങ്ങളിൽ മാത്രമല്ല കോടതിമുറികളിൽ വാദിയായി നിലകൊണ്ടു. ഹൈക്കോടതി വരെ നീണ്ട നിരവധി നിയമ പോരാട്ടങ്ങളില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. ഭൂപ്രഭുത്വത്തിനെതിരെ, തൊഴിലുടമകൾക്കെതിരെ, പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി കോടതി മുറികളിൽ അഭിഭാഷകരില്ലാതെ വാദിച്ചുജയിച്ച കേസുകളും നിരവധിയായിരുന്നു.

