Site iconSite icon Janayugom Online

ഉള്ളി വില നിലംതൊട്ടു; മഹാരാഷ്ട്രയിലും കര്‍ണാടകയിലും കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

ഉത്സവ സീസണിലെ വിലത്തകര്‍ച്ചയില്‍ ഉള്ളികര്‍ഷകര്‍ വന്‍ ദുരിതത്തില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി ഉല്പാദക സംസ്ഥാനമായ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആയിരക്കണക്കിന് കർഷകർ പ്രക്ഷോഭത്തിലാണ്. ഉള്ളിയുടെ വിലയിടിവില്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ക്വിന്റലിന് 1,500 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. രാജ്യത്ത് പലയിടങ്ങളിലും ഉള്ളിവില കിലോഗ്രാമിന് പത്തുരൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. ക്വിന്റലിന് 700 മുതൽ 1,000 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ. കഴിഞ്ഞവര്‍ഷം 4000 മുതല്‍ 7000 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. അതേസമയം ഉല്പാദനച്ചെലവ് ക്വിന്റലിന് 2,200 രൂപ മുതൽ 2,500 രൂപ വരെയാണെന്ന് കര്‍ഷകര്‍ പറയുന്നു. 

മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കർഷകർ സംഭരിച്ച ഉള്ളി വില കിട്ടാതെ നശിക്കുകയാണ്. ഇത് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കര്‍ഷകരെ നിർബന്ധിതരാക്കുന്നു. ഉപഭോക്തൃ സഹകരണ സ്ഥാപനമായ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻ‌സി‌സി‌എഫ്) നാഫെഡും രാജ്യത്തുടനീളം അവരുടെ സ്റ്റോക്കുകൾ വിൽക്കുന്നത് തടയണമെന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഉള്ളി ഉല്പാദക കർഷക സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. ഉള്ളി കയറ്റുമതി കാര്യക്ഷമമാക്കണമെന്നും ഏകീകൃത കയറ്റുമതി നയം സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഇറക്കുമതിക്കാർക്കിടയിൽ വിശ്വാസം വളർത്തിയെടുക്കണം, സ്ഥിരമായ വിപണി ഉറപ്പാക്കാൻ പ്രധാനമായി ഉള്ളി വാങ്ങുന്നവരുമായി ചർച്ച നടത്തണം തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നു.
സർക്കാർ കണക്കുകള്‍ പ്രകാരം 2022–23 വർഷത്തിൽ 25.25 ലക്ഷം ടൺ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർധനവാണിത്. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ കയറ്റുമതി പകുതിയിലധികം കുറഞ്ഞു. 2024–25 ൽ 11.47 ലക്ഷം ടൺ മാത്രമാണ് കയറ്റുമതി ചെയ്തത്. ആഗോള ഉള്ളി വിപണിയില്‍ മത്സരശേഷി പുനഃസ്ഥാപിക്കുകയും ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഉള്ളിയുടെ രണ്ട് പ്രധാന ഇറക്കുമതിക്കാരായ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ന് ഇന്ത്യയെ അവഗണിക്കുകയാണ്. സർക്കാരിന്റെ കയറ്റുമതി നയത്തിലെ ചാഞ്ചാട്ടത്തിനിടയിൽ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ കയറ്റുമതി വിപണി ഏറ്റെടുത്തിട്ടുണ്ടെന്ന് കർഷകർ പറയുന്നു. അതേസമയം, ആന്ധ്രാപ്രദേശ് സർക്കാർ ക്വിന്റലിന് 1,200 രൂപ എന്ന നിരക്കിൽ ഉള്ളി സംഭരണം പ്രഖ്യാപിച്ചു. ആന്ധ്രാ മാതൃക അനുകരിക്കുകയും ഉള്ളി കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഇന്നത്തെ രൂപത്തിൽ എംഎസ്പി പദ്ധതികൊണ്ട് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് കർണാടക പ്രാന്ത റൈത്ത സംഘ സംസ്ഥാന ജനറൽ സെക്രട്ടറി ടി യശ്വന്ത പറഞ്ഞു, കാരണം നമ്മൾ വളർത്തുന്ന പ്രധാന വിളകൾക്ക് ഇത് ബാധകമല്ല. എല്ലാ വിളകളെയും താങ്ങുവില പദ്ധതിയില്‍ ഉൾപ്പെടുത്തുകയും അതിന് നിയമപരമായ ഗ്യാരണ്ടി നൽകുകയും ചെയ്യുക എന്നതാണ് കര്‍ഷകരുടെ ആവശ്യം. പച്ചക്കറികൾക്കും പഴങ്ങൾക്കും കേരള സർക്കാർ ഒരു എംഎസ്പി പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഈ രീതി ദേശീയ തലത്തിൽ നടപ്പാക്കണമെന്നും യശ്വന്ത ചൂണ്ടിക്കാട്ടി. 

Exit mobile version