കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് പഠനം ഓൺലൈനായി ഒതുങ്ങിയതോടെ കുട്ടികളില്‍ വൈറ്റമിൻ ഡിയുടെ അളവ് കുറഞ്ഞതായി പഠനം. 2020 മുതൽ തുടർച്ചയായി രണ്ട് വർഷം വെയിൽ കൊള്ളാതിരുന്നതാണ് ഇതിന് കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്. പഠനം ഓൺലൈനിലേക്ക് ചുരുങ്ങിയപ്പോൾ കുട്ടികൾക്ക് ഉണ്ടായത് ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകളാണ്. പഠനത്തിൽ പിന്നാക്കം പോകുക, പകൽ സമയത്ത് ഉറക്കം തൂങ്ങുക, ക്ഷീണം, വിട്ടുമാറാത്ത ശരീരവേദന, കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റാത്ത അവസ്ഥ, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, രാത്രിയിൽ ഉറക്കകുറവ്, മന്ദത എന്നിവ ഓൺലൈൻ പഠനകാലത്ത് കുട്ടികളിൽ കൂടുതലായി കണ്ടെത്തിയിരുന്നു. പ്രധാനമായും ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി, കോളജ് വിദ്യാർത്ഥികളിലായിരുന്നു ഈ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ 10 മുതൽ 19 വയസുവരെയുള്ള 600 പേരെ പഠനത്തിന് വിധേയമാക്കി. ഇതിൽ 86 ശതമാനം കുട്ടികൾക്കും വൈറ്റമിൻ ഡി വളരെ കുറവാണെന്ന് കണ്ടെത്തി. 30 മുതൽ 70 നാനോഗ്രാം എംഎൽ വൈറ്റമിൻ ഡിയാണ് മനുഷ്യ ശരീരത്തിൽ വേണ്ടത്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ഭൂരിഭാഗം കുട്ടികളിലും 10ൽ താഴെയായിരുന്നു വൈറ്റമിൻ ഡി യുടെ അളവ്. ഇവർക്ക് രോഗപ്രതിരോധശേഷിയും കുറയും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗം ഡോ. അരുൺ ബി നായർ, ഫിസിയോളജി വിഭാഗം ഡോ. ദേവിക ജെ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. കുട്ടികൾക്ക് വൈറ്റമിൻ ഡി അടങ്ങിയ ആഹാരങ്ങൾ നൽകിയപ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ മാറുകയും ഇവരിൽ പഠനത്തിലും സ്വഭാവത്തിലും കാര്യമായ പുരോഗതി ഉണ്ടായതായും പഠനത്തിലുണ്ട്. കുട്ടികളിൽ വൈറ്റമിൻ ഡി കുറവാണോയെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്താവുന്നതാണ്. സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരം സ്വയം നിർമ്മിക്കുന്ന ജീവകമാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ബി കിരണങ്ങൾ ത്വക്കിലുള്ള കൊളസ്ട്രോൾ ഘടകങ്ങൾക്കുമേൽ പ്രവർത്തിച്ച് അതിനെ കോളികാൽസിഫറോൾ എന്ന വൈറ്റമിൻ ഡിയായി പരിവർത്തനപ്പെടുത്തും. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വൈറ്റമിൻ ഡി ആവശ്യമാണ്. കുട്ടികൾ കുറഞ്ഞത് ഒരുമണിക്കൂർ സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യണമെന്നും അല്ലെങ്കിൽ പഠനത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും ഡോ. അരുൺ ബി നായർ പറഞ്ഞു.
English summary; Online classes caused vitamin deficiency in children
You may also like this video;