Site icon Janayugom Online

ഓൺലൈൻ തട്ടിപ്പ് പെരുകുന്നു

സംസ്ഥാനത്ത് വ്യത്യസ്ത സ്വഭാവമുള്ള ഓൺലൈൻ തട്ടിപ്പുകൾ പെരുകുന്നതായി കണക്കുകൾ. പ്രതിമാസം 10 കോടി രൂപയെങ്കിലും ഈ വഴിക്ക് നഷ്ടമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഹണി ട്രാപ്പ്, വർക്ക് ഫ്രം ഹോം, ബിസിനസ് ഫ്രം ഹോം എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഇതിനെതിരെ പൊലീസിന്റെയും ബാങ്കുകളുടെയുമൊക്കെ മുന്നറിയിപ്പുണ്ടെങ്കിലും പത്രമാധ്യമങ്ങളിൽ ഇത്തരം തട്ടിപ്പുകളുടെ വാർത്ത നിത്യേനയെന്നോണം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആകർഷകവും തന്ത്രപരവുമായ ഇടപെടലുകളിലും വാഗ്ദാനങ്ങളിലും കുരുങ്ങി കേരളീയരുടെ പണം നഷ്ടപ്പെടുന്നത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

പൊലീസിൽ പരാതിപ്പെടുന്നതു മാത്രമേ കണക്കിൽ വരുന്നുള്ളൂ. പറ്റിയ അക്കിടി പുറത്തറിയാതിരിക്കാൻ പരാതിപ്പെടാത്തത് അതിലധികമുണ്ടാകുമെന്നാന്ന് അധികൃതരുടെ വിലയിരുത്തൽ. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 1,37 കോടി രൂപയാണ്. തേൻ കെണിക്ക് ഇരകളാവുന്നത് യുവാക്കളും മധ്യവയസ്കരുമാണെങ്കിൽ, വർക്ക് ഫ്രം ഹോം, ബിസിനസ് ഫ്രം ഹോം കെണികളിൽ വീഴുന്നതിലേറെയും വീട്ടമ്മമാരാണ്. വൻ തുകകളാണ് ഇതിലൂടെ പലർക്കും നഷ്ടമായിട്ടുള്ളത്. നഷ്ടപ്പെട്ട പണങ്ങളിൽ നല്ലൊരു പങ്കും പിൻവലിച്ചിട്ടുള്ളത് ഉത്തരേന്ത്യയിലെ എടിഎമ്മുകൾ വഴിയാണ്.

അടുത്തടുത്ത ദിവസങ്ങളിലായി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വീട്ടമ്മയ്ക്കും യുവതിക്കും യുവാവിനും കൈവിട്ടു പോയത് 43 ലക്ഷം രൂപയാണ്. കോഴിക്കോട് നഗരത്തിലെ വീട്ടമ്മയുടെ പക്കൽ നിന്ന് നാല് ലക്ഷം നഷ്ടമായത്, വീട്ടിലിരുന്ന് ബിസിനസ് ചെയ്യാമെന്ന പ്രലോഭനത്തിന്റെ പേരിലാണ്. ക്രിപ്റ്റോ ട്രേഡിങ് വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽ നിന്ന് കൈയ്ക്കലാക്കിയത് 37 ലക്ഷം രൂപ. കോഴിക്കോട് സ്വദേശിയായ യുവാവിന് കഴിഞ്ഞ ദിവസം ഹണി ട്രാപ്പിൽ നഷ്ടമായത് രണ്ട് ലക്ഷം രൂപ.

യുവാവുമായുള്ള ഓൺലൈൻ ചാറ്റിങ്ങിനിടെ വസ്ത്രമഴിച്ച് നഗ്നയായ യുവതി നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഭീഷണി കാര്യമാക്കാതിരുന്നപ്പോൾ പൊലീസ് യൂണിഫോമും ചുമലിൽ നക്ഷത്ര ചിഹ്നങ്ങളും തൊപ്പിയുമൊക്കെയായി മൊബൈലിൽ ‘ഡിജിപി’ പ്രത്യക്ഷപ്പെട്ടു. യുവതി ആത്മഹത്യയുടെ വക്കിലാണെന്നും ആത്മഹത്യ ചെയ്താൽ ജയിലിൽ പോകേണ്ടതായി വരുമെന്നുമായിരുന്നു’ ഡിജിപി’ യുടെ താക്കീത്. അങ്ങനെ, രണ്ട് ലക്ഷം പോയി. വീണ്ടും പണമാവശ്യപ്പെടാൻ തുടങ്ങിയപ്പോൾ സൈബർ പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ തുടർ വിളികളും നിന്നു.

Englsih Sam­mury: Online fraud is on the rise in the state

Exit mobile version