ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട് മുഹമ്മദ് ജസീം (24) നെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കക്കൂർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു സൈബർ കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുകയായിരുന്നു. പ്രൊഡക്ഷൻ വാറന്റ് പ്രകാരം വയനാട് സൈബർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ഡിസംബർ നാല് വരെ റിമാൻഡ് ചെയ്തു.
അതിരപ്പള്ളി, കാസർഗോഡ്, തിരുവനന്തപുരം സൈബർ, കക്കൂർ, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും ജസീം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടാണ് ജസീം തട്ടിപ്പ് നടത്തിയത്. ലോൺ ലഭിക്കുന്നതിന് മുൻകൂറായി രണ്ട് ഇ എം ഐ തുകയായ 18,666/- രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ മെയ് 22ന് ഗൂഗിൾ പേ വഴി പണം വാങ്ങിച്ചെടുക്കുകയുമായിരുന്നു. ലോൺ നൽകാതെ വരികയോ പണം തിരികെ നൽകാതിരിക്കുകയോ ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതി നൽകിയത്. ഇത്തരത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

