Site iconSite icon Janayugom Online

ഓണ്‍ലൈനിലും ‘പ്രിയ’മേറുന്നു അതിജീവന കലയ്ക്ക്

paintingspaintings

കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുക എന്നത് പ്രിയ മനോജ് എന്ന ചിത്രകാരിക്ക് മുന്നില്‍ വലിയൊരു വെല്ലുവിളി ആയിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തിലൂടെ ആസ്വാദനത്തിന്റെ പൊതുമിടമാെരുക്കിയിരിക്കുകയാണ് ചെമ്പഴന്തി സ്വദേശിനിയായ ചിത്രകാരി. ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം എന്ന ആശയത്തിലൂടെ തന്റെ ചിത്രങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കി ത്തീര്‍ത്തിരിക്കുകയാണ് ഈ കലാകാരി. തന്റെ സ്വന്തം ഫേസ്ബുക്ക് പേജ് ആയ പ്രിയ മനോജന്‍ എന്ന അക്കൗണ്ട് വഴി പ്രയത്നം എന്ന പേരിലാണ് ചിത്രപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. 2020 സെപ്തംബര്‍ 25ന് തുടക്കംകുറിച്ച പ്രയത്നം ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം അന്നത്തെ ലളിതകല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജും കോളജ് ഓഫ് ഫൈന്‍ ആര്‍ട്സ് റിട്ട പ്രിന്‍സിപ്പല്‍ പ്രൊഫ കാട്ടൂര്‍ നാരായണപിള്ളയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രയത്നം ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം ഇന്നലെ 144 — മത് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. കോവിഡ് കാലത്തെ വിരസതയിലാണ് പ്രിയ ചിത്രരചനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞ് ലഭിക്കുന്ന ഇടവേളയില്‍ കുട്ടികളും പ്രിയക്കൊപ്പം ചിത്രരചനയില്‍ പങ്കെടുക്കുന്നുണ്ട്. ക്യാന്‍വാസ് ലഭിക്കാതിരുന്ന ഘട്ടത്തില്‍ വീട്ടിലെ ചുമരിലേക്ക് വരെ പ്രിയയുടെ മനോഹര ചിത്രങ്ങള്‍ നീണ്ടു. ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തിലൂടെ ചിത്രകാരിയുമായി ആര്‍ക്കും എപ്പോഴും ആശയവിനിമയം നടത്താന്‍ സാധിക്കുമെന്ന് പ്രിയ പറയുന്നു. പ്രകൃതിമഹിമയും മനുഷ്യനും ജീവജാലങ്ങളുമാണ് ചിത്രങ്ങളില്‍ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്. പ്രകൃതിയുടെ ഒരു പരിച്ഛേദം മാത്രം ഉൾക്കൊണ്ടുള്ള വിഷയ ചിത്രീകരണമാണ് ചിത്രകാരിയുടെ ക്യാന്‍വാസിലെ ചിത്രങ്ങളിലേറെയും. അജ ചിത്രപരമ്പര, കോവിഡ് പരമ്പര, കൊളാഷ്, ഗ്രാഫിക്സ്, ചുമർചിത്രം എന്ന ക്രമത്തിൽ അവ വേർതിരിച്ച് നിർവചിക്കപ്പെട്ടിരിക്കുന്നു. ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജ്, എഗൈന്‍സ്റ്റ് ഡൗറി സിസ്റ്റം, ലാസ്റ്റ് മൊമെന്റ് ഓഫ് മഹാത്മജി, ശ്രീനാരായണഗുരു, വാല്ല്യു ഓഫ് ഫീല്‍ഡ്സ് എന്നിങ്ങനെ നാമകരണം ചെയ്യപ്പട്ടിട്ടുള്ള ചിത്രങ്ങളാണ് വളരെ അധികം ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളത്.
ലളിതകലാ അക്കാദമിയുടെ ചിത്ര വാർത്തയിലും പ്രിയയുടെ പ്രയത്നം ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2003 ല്‍ ലഭിച്ച മികച്ച ചിത്രകല അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ പ്രിയയെ തേടിയെത്തി. ജി അഴീക്കോട് എഴുതിയ “പ്രിയ മനോജിന്റെ ചിത്രാവിഷ്കാരങ്ങള്‍ ” എന്ന പ്രിയയെക്കുറിച്ചുള്ള പുസ്തകവും ഏറെ ശ്രദ്ധേയമാണ്. കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും രണ്ടാം റാങ്കോടെ പെയിന്റിങ് ബിരുദം നേടിയ പ്രിയ മനോജ് ഇപ്പോൾ നവജീവന്‍ ബദനി വിദ്യാലയത്തിലെ ചിത്രകലാ അധ്യാപികയാണ്. അമ്മ അംബിക, അച്ഛന്‍ പ്രഭാകരന്‍. കൃഷ്ണദേവ് എം പി, കാശിദേവ് എം പി എന്നിവരാണ് മക്കള്‍. ഭര്‍ത്താവ് എസ് എസ് മനോജന്‍ പ്രവാസിയാണ്.

Eng­lish Sum­ma­ry: Online Paint­ing Exhi­bi­tion by Priya Manoj

You may like this video also

Exit mobile version