Site icon Janayugom Online

ക്രൈം റെക്കോഡ്സ് ബ്യൂറോ സന്ദേശവും ഓണ്‍ലൈന്‍ ചതിക്കുഴിയും

‘നെറ്റിൽ ഒരു സിനിമാ സൈറ്റ് സന്ദർശിക്കുന്നതിനിടെ അബദ്ധത്തിൽ വന്ന ഒരു ലിങ്ക് ക്ലിക്ക് ചെയ്തു. പെട്ടന്ന് തന്നെ അപകട സൈറൺ ശബ്ദത്തോടെ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പേജ് ലാപ് ടോപ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇതോടെ ലാപ് ടോപ് നിശ്ചലമായി. രാജ്യ താല്പര്യത്തിന് വിരുദ്ധമായ കണ്ടന്റ് ഉള്ള സൈറ്റ് സന്ദർശിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പേജ്’ — ഇന്റർനെറ്റ് ഉപയോഗത്തിനിടെ വന്ന പേടിപ്പിക്കുന്ന സന്ദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് വയനാട് സ്വദേശിയായ യുവാവ്.

രാജ്യവിരുദ്ധമായതും ലൈംഗികത നിറഞ്ഞതുമായ സൈറ്റുകൾ സന്ദർശിച്ചതിനാൽ നിങ്ങളുടെ ബ്രോസർ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. പിഴയായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 35,000 രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശം. ആദ്യം ഭയന്നുപോയെങ്കിലും യുവാവ് സുഹൃത്തിനെ വിളിച്ച് ക്രൈം റെക്കോഡ് ബ്യൂറോയുടെ അറിയിപ്പല്ല ഇതെന്ന് ഉറപ്പിക്കുകയായിരുന്നു.

ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങളുടെ അറിയിപ്പുകൾ കൃത്രിമമായി സൃഷ്ടിച്ച്, കമ്പ്യൂട്ടർ ബ്ലോക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകമാകുകയാണ്. അശ്ലീലമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കമുള്ള സൈറ്റുകൾ കാണുന്നുവെന്നും ഇതിന് ശക്തമായ നടപടിയുണ്ടാവുമെന്നും വ്യക്തമാക്കി ആളുകളെ ഭയപ്പെടുത്തിയാണ് വലിയ തോതിൽ പണം തട്ടുന്നത്. പൊലീസിന്റെയും ക്രൈം റെക്കോഡ്സ് ബ്യൂറോയുടെയും ഉൾപ്പെടെ വ്യാജ സന്ദേശങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ഇത്തരം നീക്കം നടത്തുന്നത്.

മെസേജ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ കമ്പ്യൂട്ടർ നിശ്ചലമാകും. ആറോ, പന്ത്രണ്ടോ മണിക്കൂറിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കമ്പ്യൂട്ടറിലെ ഡാറ്റകളെല്ലാം പൂർണമായി ഇല്ലാതാക്കുമെന്നും വിവരം ലോക്കൽ പൊലീസിൽ അറിയിക്കുമെന്നും സന്ദേശത്തിലുണ്ടാവും. പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യും. ഒരു ലക്ഷത്തിൽ കൂടുതൽ രൂപ പിഴയും രണ്ട് വർഷത്തിൽ കൂടാത്ത തടവ് ലഭിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ടാവും. ഇതോടെ ഭയന്നുപോകുന്ന ആളുകൾ കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുകയും തുടർന്ന് തട്ടിപ്പ് സംഘം കാർഡിലെ പണം പൂർണമായി കൈക്കലാക്കുകയും ചെയ്യും. അശ്ലീല സൈറ്റുകൾ കാണുന്നവരാണ് ഇത്തരം കെണികളിൽ അകപ്പെടുന്നതെന്ന് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകൾ കാണാതിരിക്കുക എന്നത് തന്നെയാണ് ശരിയായ കാര്യം. ഭയപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന തന്ത്രമാണ് തട്ടിപ്പ് സംഘങ്ങൾ സ്വീകരിക്കുന്നത്. പലപ്പോഴും അബദ്ധത്തിൽ ഇത്തരം സൈറ്റുകളിലെത്തിപ്പെടുന്നവരും പ്രതിസന്ധിയിൽ അകപ്പെടുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു.

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ് സൈറ്റിലൂടെ വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്നുവെന്നും മുന്നറിയിപ്പുണ്ട്. വ്യക്തി വിവരങ്ങൾ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവയാണ് ചോർത്തുന്നത്. ഇതിൽ രണ്ടാമത്തെ യുആർഎൽ വഴിയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ നൽകുമെന്ന വ്യാജേന വിവരങ്ങൾ ചോർത്തുന്നതെന്ന് രജിസ്ട്രി പുറത്തുവിട്ട പൊതു നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. സുപ്രീം കോടതി രജിസ്ട്രി വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മറ്റ് രഹസ്യ വിവരങ്ങളോ ആവശ്യപ്പെടില്ലെന്നും നോട്ടീസിൽ പറയുന്നുണ്ട്.

ഓണക്കാലത്ത് വൻ ഓഫറുകൾ നല്‍കി വ്യാജ സൈറ്റുകൾ വഴി തട്ടിയത് ലക്ഷങ്ങൾ

ഓണക്കാലത്ത് വൻ ഓഫറുകൾ വാഗ്ദാനം നൽകി ഓൺലൈൻ വ്യാജ വാണിജ്യ സൈറ്റുകൾ മലയാളികളിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. വിവിധ സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്ത ആളുകളാണ് വഞ്ചിക്കപ്പെട്ടത്. ഓൺലൈൻ വസ്ത്രവ്യാപാര സൈറ്റായ ടി സി സ്റ്റോറിൽ ചുരിദാറുകൾ ഓർഡർ ചെയ്ത കോഴിക്കോട് സ്വദേശിനിയ്ക്ക് പാഴ്സലായി ലഭിച്ചത് ഉപയോഗിച്ച് കീറിപ്പോയ അഞ്ച് ചുരിദാർ ടോപ്പുകൾ. ചുരിദാറുകൾ വിലക്കുറവിൽ ലഭിക്കുമെന്ന് കണ്ടാണ് താൻ ഓർഡർ ചെയ്തതെന്ന് ഇവർ പറയുന്നു. ഡെലിവറി ചാർജ് ഉൾപ്പെടെ വലിയ തുക അടച്ച് സാധനം കൈപ്പറ്റിയപ്പോഴാണ് ഉപയോഗിച്ച് മുഷിഞ്ഞതും കീറിപ്പോയതുമായ ചുരിദാർ ടോപ്പുകൾ നൽകി തന്നെ കബളിപ്പിച്ചതാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. ബോംബെ കേന്ദ്രമായ ടി സി സ്റ്റോർ എന്ന സൈറ്റ് വഴിയായിരുന്നു ഓർഡർ നൽകിയത്. എന്നാൽ അത്തരമൊരു സൈറ്റ് തന്നെ ഇപ്പോൾ അപ്രത്യക്ഷമായി. ഇതേ ഓഫറുകൾ ഇപ്പോൾ അവന്യു സ്റ്റോർ എന്ന സൈറ്റിൽ ലഭ്യമാണ്.

സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടതായി കോഴിക്കോട് വിലങ്ങാട് സ്വദേശിയും പറയുന്നു. ഓർഡർ ചെയ്ത വസ്ത്രങ്ങൾക്ക് പകരം പഴകിയ വസ്ത്രമായിരുന്നു പാഴ്സലായി ലഭിച്ചത്. ഫോൺ നമ്പറിൽ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ ഗൂഗിൾ പേ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഈ നമ്പറിലേക്ക് ഒരു ഒടിടി നമ്പർ വന്നു. ഈ നമ്പർ വിളിച്ച് അറിയിച്ചതോടെ അക്കൗണ്ടിലുണ്ടായിരുന്ന 25,000 ത്തോളം രൂപയും നഷ്ടപ്പെടുകയായിരുന്നു. ഇത്തരത്തിൽ ഓണക്കാലത്ത് വലിയ തോതിലാണ് മലയാളികൾ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ അകപ്പെട്ടത്. സൈറ്റിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചിട്ടും ഫലമുണ്ടായില്ലെന്ന് തട്ടിപ്പിന് ഇരയാക്കപ്പെട്ടവർ പറയുന്നു. ആയിരം രൂപ മുതൽ വൻ തുക വരെ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്.

Eng­lish Sam­mury: Crime Records Bureau mes­sage and online scam

Exit mobile version