Site iconSite icon Janayugom Online

കെഎസ്ഇബി ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ

കെഎസ്ഇബി മുന്നറിയിപ്പുണ്ടായിട്ടും വൈദ്യുത ബില്ലിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേർക്കാണ് ഇത്തരത്തിൽ വ്യാജ എസ്എംഎസ് ലഭിച്ചത്. തട്ടിപ്പിനിരയായി കഴിഞ്ഞദിവസം തൃശൂർ സ്വദേശിക്ക് 24,000 രൂപ നഷ്ടപ്പെട്ടു. ബിൽ അടച്ചിട്ടില്ലാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബിയുടെ പേരിൽ വ്യാജ എസ്എംഎസ് അയച്ചാണ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ഓൺലൈൻ വഴി ബില്ല് അടക്കാനെന്ന വ്യാജേന ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്നതാണ് പതിവ്.
മൊബൈൽ ഫോണിലേക്ക് വരുന്ന സന്ദേശത്തിൽ ബന്ധപ്പെടാനായി നമ്പറുകളും നൽകിയിട്ടുണ്ട്. ഇതിൽ വിളിക്കുമ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്നവരാണ് ഫോൺ എടുക്കുന്നത്. ബില്ലടച്ച ഉപഭോക്താക്കളോട് അതിന്റെ രേഖകൾ കാണുന്നില്ലെന്ന് പറഞ്ഞ് അത് ഉറപ്പാക്കാനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇവ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ചെയ്യും. പിന്നീട് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഉപഭോക്താക്കൾ അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ ലഭിക്കുകയും കുറച്ചുപേർക്ക് പണം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
തട്ടിപ്പിനിരയായവർ കെഎസ്ഇബിയിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് കെഎസ്ഇബി മുന്നറിയിപ്പും നൽകിയിരുന്നു. സന്ദേശത്തിൽ ലഭിക്കുന്ന നമ്പറിൽ ബന്ധപ്പെടുമ്പോൾ കെഎസ്ഇബി ജീവനക്കാർ ഉപഭോക്താക്കളോട് ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന് ഉറപ്പുള്ളവർ അത് മനസ്സിലാക്കി കട്ട് ചെയ്യാറാണ് പതിവ്. അതിനാൽ ഭൂരിഭാഗം പേർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് സൈബർ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും തട്ടിപ്പ്. 

Eng­lish Sum­ma­ry: Online scams again in the name of KSEB bill

You may like this video also

Exit mobile version