കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ സഹായത്തില്‍ ഇക്കുറിയും നാമമാത്ര തുക. ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചതില്‍ കേരളത്തിന് 153.20 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കേരളം, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടിയാണ് അനുവദിച്ചിരിക്കുന്നത്. അസമിന് 375 കോടി, ഉത്തരാഖണ്ഡിന് 455, മണിപ്പൂരിന് 29.20, മേഘാലയയ്ക്ക് 30.40, മിസോറമിന് 22.80 കോടി വീതവുമാണ് അനുവദിച്ചത്. ഏറ്റവും കുറവ് ഫണ്ട് ലഭിച്ചത് കേരളത്തിനാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സഹായം നല്‍കാതിരുന്ന കേന്ദ്രം ഇത്തവണത്തെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നനുവദിച്ച 153.20 കോടി രൂപ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനായി നീക്കിവയ്ക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
എസ്ഡിആർഎഫ്/എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് ഈ വർഷം 8,000 കോടിയിലേറെ രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സാമ്പത്തിക സഹായത്തിന് പുറമെ എൻഡിആർഎഫ്, കരസേന, വ്യോമസേന തുടങ്ങിയവയുടെ സേവനവും ആവശ്യമാകുന്ന ഘട്ടത്തില്‍ നൽകുക എന്നതാണ് കേന്ദ്ര മുൻഗണനയെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിന് 153.20 കോടി മാത്രം കേന്ദ്രസഹായം

