Site iconSite icon Janayugom Online

മണ്ണിൽ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം; സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു

മണ്ണിൽ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിപ്പിച്ച് സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെട്ടു. ഇനി നിമിഷങ്ങളെണ്ണി കഴിയേണ്ട 17 മണിക്കൂര്‍; സുനിത ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള ബന്ധം വേർപെടുത്തി. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ബുധനാഴ്ച പുലർച്ചെ 3:27-ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയിൽ വന്നിറങ്ങും. 

ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറക്കുക. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. 2024 ജൂൺ മാസം മുതൽ നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്. 

Exit mobile version