Site iconSite icon Janayugom Online

2024 റിപ്പബ്ലിക് ദിന പരേഡില്‍ വനിതകള്‍ മാത്രം

2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ വനിതകള്‍ മാത്രം. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിവിധ മേഖലകളിലെ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് പാസ്റ്റിലും ബാന്‍ഡുകളിലും ടാബ്ലോകളിലും മറ്റ് പ്രകടനങ്ങളിലും വനിതകളെ മാത്രം ഉള്‍പ്പെടുത്താനാണ് തീരുമാനം. സായുധ സേനയ്ക്കും പരേഡുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകൾക്കും പ്രതിരോധ മന്ത്രാലയം കത്തയച്ചു. 

അതേസമയം അപ്രതീക്ഷിതമായ തീരുമാനത്തില്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിനായി വേണ്ടത്ര വനിതകള്‍ സൈന്യത്തില്‍ ഇല്ലെന്നാണ് ഇവരുടെ വാദം. ചില മാർച്ചിങ് സംഘങ്ങളിൽ പുരുഷന്മാർ മാത്രമാണുള്ളത്. വനിതകളെ കമാൻഡർ തലത്തിലേക്ക് നിയോഗിക്കുക, ഭാവി നേതൃനിരയിലേക്ക് അവരെ തയ്യാറാക്കുക, പീരങ്കി റെജിമെന്റുകളിലേക്ക് വനിതകളെ ഉൾപ്പെടുത്തുക തുടങ്ങി ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി നീക്കങ്ങള്‍ സേനയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

പ്രതിരോധ സെക്രട്ടറി ഗിരിധർ അർമനെയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കര, നാവിക, വ്യോമസേന, ആഭ്യന്തര മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മുതിർന്ന പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. ഏകദേശം ഒരു മാസത്തിന് ശേഷമാണ് പ്രതിരോധ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.
സ്ത്രീ ശക്തിയെന്നതാണ് അടുത്ത റിപ്പബ്ലിക് ദിന പരേഡിന്റെ സന്ദേശം. കഴിഞ്ഞ പരേഡില്‍ കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതേ വിഷയത്തില്‍ ടാബ്ലോകള്‍ അവതരിപ്പിച്ചിരുന്നു. 

2015 ലാണ് മൂന്ന് സർവീസുകളിൽ നിന്നും ഒരു പൂര്‍ണ വനിതാ സംഘം ആദ്യമായി പരേഡിൽ അണിനിരന്നത്. കരസേനയുടെ ഡെയർഡെവിൾസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റണ്ട് അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫിസറായി ക്യാപ്റ്റൻ ശിഖ സുരഭി 2019ലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ചരിത്രത്തിലിടം നേടി. 2021ൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായും മാറിയിരുന്നു. 

Eng­lish Sum­ma­ry; Only women in 2024 Repub­lic Day parade
You may also like this video

Exit mobile version