Site iconSite icon Janayugom Online

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ അനുശോചിച്ചു

മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയം

“മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.യുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനു പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മൻ ചാണ്ടി കേരളത്തിനു നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം. കെഎസ് യുവിലൂടെ കോൺഗ്രസിലെത്തി ആ പാർട്ടിയുടെ നേതൃത്വത്തിലും ഗവൺമെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവർത്തിച്ച ഉമ്മൻചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപൻ എന്നനിലയ്ക്കും ജനകീയപ്രശ്നങ്ങൾ സമർത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ഉമ്മൻചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വർഷങ്ങൾ തുടർച്ചയായി എംഎൽഎ ആയിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റിക്കോർഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്”.

Eng­lish Sam­mury: Cab­i­net con­doled the death of Oom­men Chandy

Exit mobile version