Site iconSite icon Janayugom Online

ഒളിച്ചുകളിച്ച് ശബ്ദവും രോഗവും; ഇനി നിശബ്ദതയുടെ പൂര്‍ണതയില്‍

എട്ടു വർഷം ഒളിച്ചുകളിച്ച കാൻസർ ആൾക്കൂട്ടങ്ങൾക്കിടയിൽ ആനന്ദം കണ്ടെത്തിയ ഉമ്മൻചാണ്ടിയെ ഒടുവിൽ ആശുപത്രിയിലും വീട്ടിലുമായി ചുരുക്കുകയായിരുന്നു. ഒടുവിൽ മരണത്തിന്റെ പടിവാതിലിലേക്ക് കൈപിടിച്ചു നടത്തി.
തന്റെ ശബ്ദം നേർത്തു വരുന്നത് ഉമ്മൻ ചാണ്ടി ശ്രദ്ധിച്ച് തുടങ്ങുന്നത് 2015 ലാണ്. എന്നാൽ തിരക്കുകൾക്കിടയിൽ ചികിത്സയ്ക്ക് സമയം കണ്ടെത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. ശബ്ദവ്യത്യാസം കൂടുതൽ പ്രകടമായതോടെ അദ്ദേഹം ചികിത്സ തേടി തന്റെ സുഹൃത്തായ ഇഎൻടി സർജൻ ഡോ. ജോൺ പണിക്കരെ സമീപിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം എൻഡോസ്കോപ്പി ചെയ്തു. പരിശോധനയിൽ തൊണ്ടയ്ക്കുള്ളിൽ വലത്തേ ശബ്ദനാളിയിൽ പൂപ്പൽ പോലെ സംശയകരമായ ഒരു വളർച്ച കണ്ടെത്തി. മൂന്നാഴ്‍ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പരിശോധന നടത്തിയപ്പോൾ ആ വളർച്ച അപ്രത്യക്ഷമായിരുന്നു. ആദ്യത്തെയും രണ്ടാമത്തെയും പരിശോധനയ്ക്കിടയിൽ കഴിച്ച ഒറ്റമൂലിയുടെ ഫലമാണിതെന്ന് ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും വിശ്വസിച്ചു.
പിന്നെ ലക്ഷണങ്ങളൊന്നുമില്ലാതെ 4 വർഷം. വീണ്ടും ശബ്ദത്തിൽ കാര്യമായി വ്യത്യാസം കണ്ടപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും ഡോക്ടര്‍ക്കു മുന്നിലെത്തി. തൊണ്ടയിൽ ചെറിയ വളർച്ച ശ്രദ്ധയിൽപെട്ട ഡോക്ടർ ബയോപ്സി പരിശോധനയ്ക്കു നിർദേശിച്ചു. എന്നാൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിക്കാനുണ്ടെന്നും അതുകഴിഞ്ഞ് വരാമെന്നും അറിയിച്ച് അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായി. പിന്നീട് 2019 നവംബറിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ബയോപ്സി പരിശോധനയിൽ കൂടുതൽ ഭാഗങ്ങളിലേക്കു പടരാനിടയുള്ള കാൻസർ വളർച്ചയാണെന്ന് കണ്ടെത്തി. ഡോക്ടർമാർ കീമോതെറാപ്പി നിർദേശിച്ചു.
പിന്നീട് തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്ററിൽ തുടർചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഡെങ്കിപ്പനിയും കൂടെയെത്തി. ശാരീരിക അവശത കാരണം കീമോതെറാപ്പി ഉടൻ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയായി. 2020 ൽ ഉമ്മൻ ചാണ്ടി താരതമ്യേന ഉന്മേഷവാനായി. 2021 ഏപ്രിലിൽ കോവിഡ് പിടികൂടി. പിന്നാലെ വീണ്ടും വില്ലനായി ശബ്ദതടസമെത്തി.
2022 ഫെബ്രുവരിയിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ കാൻസർ സാന്നിധ്യം ഉറപ്പായി. കീമോതെറാപ്പിയിലേക്കു കടക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും ജർമ്മനിയിലേക്കു പോയി. കീമോതെറാപ്പിക്കു പകരം ലേസർ സർജിക്കൽ ഡീബൾക്കിങ് ചികിത്സയ്ക്കു ശേഷം ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരിശോധനയിൽ വലത്തേ ശബ്ദനാളിയിൽ നിന്നു തൊണ്ടയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് കാൻസർ പടരുന്നതു കണ്ടെത്തി. പിന്നാലെ ഭക്ഷണം പൂർണമായി കുഴലിലൂടെയാക്കി. ആരോഗ്യസ്ഥിതി മോശമായതിനാൽ കീമോതെറാപ്പിയും ഒഴിവാക്കി.

you may also like this video;

Exit mobile version