Site iconSite icon Janayugom Online

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ഡിസിസിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം ഡിസിസി ഓഫീസിലെത്തി. 10.25നാണ് വിലാപയാത്ര ഡിസിസിയിലെത്തിയത്. കോട്ടയം ജില്ലക്കാരൻ എന്ന നിലയിൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി എന്നുമദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ഇവിടം ജനനിബിഡമാണ്. ഡിസിസി പ്രസിഡന്റുള്‍പ്പെടെ ഏതാനും പ്രധാന നേതാക്കളെ മാത്രമാണ് അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരമൊരുക്കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് ബസിനുപുറമെ നിന്ന് കാണാം. ഇവിടെ കൂടിയിരിക്കുന്ന ജനക്കൂട്ടത്തിനത്രയും തങ്ങളുടെ പ്രിയനേതാവിനെ കാണാനാവില്ലെന്നതാണ് വസ്തുത. ഇതിനാല്‍ കൂടിയിരിക്കുന്നവരെല്ലാം മൗനജാഥയായി തിരുനക്കര മൈതാനത്തേക്ക് വാഹനത്തെ അനുഗമിക്കുമെന്നാണ് സൂചന.

തിരുനക്കരയില്‍ നിന്നും എപ്പോഴാണ് വിലാപയാത്ര പുതുപള്ളിയിലേക്ക് പുറപ്പെടുകയെന്ന് പറയാനാവില്ല.

ഉമ്മന്‍ചാണ്ടിയുടെ നിരവധി രാഷ്ട്രീയ പ്രസംഗങ്ങൾക്ക് വേദിയായ തിരുനക്കര മൈതാനത്തും പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് ഉച്ചവരെ പുതുപ്പള്ളിയിലെ വസതിയിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനം നടക്കും. ഉച്ചകഴിഞ്ഞ് പുതുപ്പള്ളി പള്ളിയിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടര്‍ന്ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കും. പിന്നീട് പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം, പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ. തുടർന്ന് സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയാവും സംസ്ക്കാര ചടങ്ങുകൾ.

ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വൈകിട്ടോടെ തിരുവനന്തപുരത്തെത്തിച്ചത്. തുടര്‍ന്ന്, ജഗതിയിലെ പുതുപ്പള്ളി ഹൗസ്, സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാള്‍, പാളയം പള്ളി, ഇന്ദിരാഭവന്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തി. നെടുമ്പാശേരിയില്‍ എട്ടുമണിയോടെ എത്തിയ രാഹുല്‍ കൊച്ചിയിലെ ഹോട്ടലില്‍ വിശ്രമിക്കും. ഇവിടെനിന്ന് പുതുപ്പള്ളി പള്ളിയിലെത്തിയാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നേരുക.

മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയിൽ

ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ നടൻ മമ്മൂട്ടി തിരുനക്കര മൈതാനിയിൽ എത്തി. നടന്മാരായ സുരേഷ് ഗോപി എംപി, ദിലീപ്, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പേർ തിരുനക്കര മൈതാനിയിൽ  ഭൗതികശരീരം എത്തിചേരാൻ കാത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തുണ്ടായിരുന്ന വിരമിച്ചവരും നിലവിലുള്ളവരുമായ ഉന്നത ഉദ്യോഗസ്ഥരും തിരുനക്കരയിലുണ്ട്.

Eng­lish Summary:
You may also like this video

Exit mobile version