Site iconSite icon Janayugom Online

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഓപ്പൺ ജിം തുറന്നു

ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഓപ്പൺ ജിം ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി തുറന്നു കൊടുത്തു. ജനറൽ ആശുപത്രിയിൽ ആർഎംഒ ക്വാർട്ടേഴ്സിനു സമീപം സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും ഹരിത പ്രോട്ടോകോൾ പ്രഖ്യാപനവും ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ നിർവ്വഹിച്ചു. 

30നും 60നും ഇടയ്ക് പ്രായമുള്ള അമ്പതുശതമാനത്തിലേറെ ആളുകളുടെ മരണം ജീവിതശൈലീ രോഗം മൂലമാണ്. ആയതിനാൽ, ജീവിതശൈലീരോഗ നിയന്ത്രണത്തിന് വ്യായാമം അത്യാവശ്യമാണ്. ഇതു കണക്കിലെടുത്താണ് ഓപ്പൺ ജിം സ്ഥാപിച്ചത്. പവർ ടവർ‑പുൾ അപ്പ്-ചിൻ അപ്പ്, ബാർ ഡിപ്-സ്റ്റേഷൻ, സീറ്റഡ് ട്വിസ്റ്റർ, എയർ വാക്കർ, ആം വീൽ എക്സർസൈസ് മെഷീൻ, സിറ്റ് അപ്പ് ബോർഡ്/ആബ്സ് ഷെയ്പർ, സൈക്കിൾ, ക്രോസ്സ് ട്രെയിനർ എന്നീ ഉപകരണങ്ങളാണ് ജിംനേഷ്യത്തിൽ നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ജനറൽ ആശുപത്രി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടന്നത്. ചടങ്ങിൽ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നഴ്സിംഗ് അസിസ്റ്റന്റ് എല്‍ ഇന്ദിരയെ ആദരിച്ചു. 

നവകേരള മിഷൻ ജില്ലാ കോഓഡിനേറ്റർ കെ എസ് രാജേഷ് ഹരിത പ്രോട്ടോകോൾ പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തിൽ സൂപ്രണ്ട് ഡോ. സന്ധ്യ ആർ അധ്യക്ഷത വഹിച്ചു. ഡിപിഎം ഡോ. കോശി പണിക്കർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ വേണുഗോപാൽ, ആർഎംഒ ഇൻ ചാർജ്ജ് ഡോ. സെൻ പി എ, എച്ച്എംസി പ്രതിനിധികളായ അഗസ്റ്റിൻ കരിമ്പുംകാല, വി ബി അശോകൻ, സഞ്ജീവ് ഭട്ട്, നഴ്സിംഗ് സൂപ്രണ്ട് റസി പി ബേബി, പിആർഒ ബെന്നി അലോഷ്യസ്, പിഎസ് കെ ശ്രീലത, ജെഎച്ച്ഐ പീറ്റർ ടി എസ്, ഡോ. പ്രിയദർശൻ സി പി തുടങ്ങിയവർ സംസാരിച്ചു.

Exit mobile version