Site iconSite icon Janayugom Online

ഓപ്പറേഷന്‍ ഗംഗ: ആദ്യ സംഘം ഇന്ത്യയിലെത്തി

ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യസംഘമെത്തി. രാത്രി എട്ടു മണിയോടെയാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 219 പേരുമായി എയര്‍ ഇന്ത്യയുടെ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഉക്രെയ്ന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്.
നാല് മണിയോടെ വിമാനം മുംബൈയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഉക്രെയ്‌നില്‍ നിന്ന് അതിര്‍ത്തി കടന്ന് റൊമേനിയയില്‍ എത്തിയ ഇന്ത്യക്കാരെ തലസ്ഥാനമായ ബുകാറെസ്റ്റില്‍ നിന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിയത്. ഇവിടെനിന്ന് 250 പേരടങ്ങുന്ന മറ്റൊരു വിമാനവും രാത്രിയോടെ പുറപ്പെട്ടു.
ഇന്ത്യക്കാരെ എത്തിക്കുന്നതിനായി മറ്റൊരു വിമാനം ഹംഗറിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന്  വൈകിട്ട് അഞ്ച് മണിക്കാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. റഷ്യ സൈനിക നടപടി ആരംഭിച്ചതിനെത്തുടര്‍ന്ന് ഉക്രെയ്‌നിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണ്, വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് എത്തിച്ച് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.
ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റൊമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതി രാഹുല്‍ ശ്രീവാസ്തവ പറഞ്ഞു. അതേസമയം, ബങ്കറുകളില്‍ കഴിയുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന പരാതി ശക്തമാകുകയാണ്. എത്രയും പെട്ടെന്ന് സഹായമെത്തിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കുവച്ചു. 24 മണിക്കൂറിലധികമായി വെള്ളമോ ഭക്ഷണമോ ലഭിച്ചിട്ടില്ലെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. അതിനിടെ, എംബസിയുമായി ബന്ധപ്പെടാതെ അതിര്‍ത്തികളിലേക്ക് പോകരുതെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പല അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും സംഘര്‍ഷാത്മകമായ സ്ഥിതിയാണെന്ന് എംബസി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് പുറത്തേക്ക് കടക്കാനുള്ള മാര്‍ഗമന്വേഷിച്ച് ഉക്രെയ്‌നില്‍ അലയുന്നത്.

Eng­lish Sum­ma­ry: Oper­a­tion Gan­ga: The first team arrives in India

You may like this video also

Exit mobile version