Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ 1,700 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇറാനില്‍ നിന്ന് 1700 ലധികം ഇന്ത്യാക്കാരെ തിരികെയെത്തിച്ചു. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് തിരിച്ചെത്തിയവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. വിദേശകാര്യസഹമന്ത്രി പബിത്ര മാര്‍ഗരറ്റി യാത്രക്കാരെ സ്വീകരിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ കൂടി ഉടന്‍ തന്നെ സര്‍വീസ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വൈകുന്നേരം 7.30ന് ഇറാനിലെ മഷാദിൽ നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് മടങ്ങിയെത്തിയ മലയാളികള്‍. 

ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കുമുള്ള കര അതിര്‍ത്തികള്‍ കടക്കുന്നതിന് ടെല്‍ അവീവിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും ശരിയായ രേഖകള്‍ നേടാനും വിദേശകാര്യമന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് 162 ഇന്ത്യക്കാര്‍ ജോര്‍ദാനിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ തന്നെ നാട്ടിലേക്ക് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version