Site iconSite icon Janayugom Online

ഓപ്പറേഷൻ സിന്ദൂർ: മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട്‌ സൈന്യം

പാകിസ്ഥാനിലേയും പാക്‌ അധീന കശ്‌മീരിലെയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട്‌ ഇന്ത്യൻ സൈന്യം. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ്‌ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. കോട്‍ലി, മുരിദികെ, ബഹാവൽപുര്‍, മുസഫറബാദ്, സവായ് നല്ല, സർജൽ, കോട്‌ലി ഗുൽപൂർ, മെഹ്മൂന ജോയ, ഭീംബർ എന്നീ ഒൻപത്‌ ഭീകരകേന്ദ്രങ്ങളാണ്‌ സംയുക്ത സൈനിക ആക്രമണത്തിലൂടെ ഇന്ത്യ തകർത്തത്‌.

ലഷ്കർ — ഇ- ത്വയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയുമടക്കം കേന്ദ്രങ്ങളാണ് തകർത്തത്. ബുധൻ പുലർച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരാക്രമണ കേന്ദ്രങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സൈന്യത്തെയോ രാജ്യത്തെ മറ്റ് ജനങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും സംയുക്ത സേന വ്യക്തമാക്കി.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തിരിച്ചടി നല്‍കിയത്. ഏപ്രിൽ 22ന് കശ്മീരിലെ ബൈസരൺ വാലിയിലെ പഹൽ​ഗാമിൽ നടന്ന കൂട്ടക്കുരുതിയിൽ ഒരു നേപ്പാളി പൗരനടക്കം 25 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞതായും സേന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം പൂഞ്ച് ജില്ലയിലാണ് ഷെല്ലാക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബാലകോട്ട്, മെന്ദാർ, മങ്കോട്ട്, കൃഷ്ണ ഘാട്ടി, ഗുൽപൂർ, കെർണി, പൂഞ്ച് ജില്ലാ ആസ്ഥാനം എന്നിവിടങ്ങളിലും ഷെല്ലാക്രമണം ഉണ്ടായി.

Exit mobile version