Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍: കിരാന കുന്നുകള്‍ ഇന്ത്യ ആക്രമിച്ചതായി ഉപഗ്രഹ ചിത്രം

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന കുന്നുകള്‍ തകര്‍ത്തതായി പ്രതിരോധ വിദഗ്ധന്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ജിയോ — ഇന്റലിജന്‍സ് വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ രണ്ട് ചിത്രങ്ങളാണ് പങ്കുവച്ചത്. ആദ്യ ചിത്രം കിരാന ഹില്‍സിന്റേതും ആക്രമണത്തിന്റെ ആഘാതത്തിന് ശേഷമുള്ളതുമാണ്. 

രണ്ടാമത്തെ ചിത്രം ആക്രമണം കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമുള്ള സര്‍ഗോധ വ്യോമ താവളത്തിന്റേതാണ്. റണ്‍വേയുടെ രണ്ടിടങ്ങളില്‍ ഗര്‍ത്തങ്ങളും അവിടങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെയും ചിത്രങ്ങളുണ്ട്. പാക് പ്രതിരോധ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണ് കിരാന കുന്നുകള്‍. ഇവ സര്‍ഗോധ വ്യോമത്താവളത്തിന് സമീപമാണ്. റബ്‍വ ടൗണ്‍ഷിപ്പ് മുതല്‍ സര്‍ഗോധ നഗരം വരെ വ്യാപിച്ചുകിടക്കുന്നു. കിരാന ആക്രമണം ഇന്ത്യന്‍ വ്യോമസേനാ ഡയറക്ടര്‍ ജനറല്‍ ഓഫ് ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി മുമ്പ് നിഷേധിച്ചിരുന്നു. അവിടെ ആണവകേന്ദ്രമുണ്ടെന്ന് സേനയ്ക്ക് അറിയില്ലെന്നും പറഞ്ഞിരുന്നു. 

Exit mobile version