Site iconSite icon Janayugom Online

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് : ഒമ്പത് പേരെ പിടികൂടി

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനുള്ള വിജിലന്‍സിന്റെ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലൂടെ കഴിഞ്ഞ മാസം എട്ടു കേസുകളിലായി ഒമ്പത് ഉദ്യോഗസ്ഥരെ പിടികൂടി. വിജിലൻസിന്റെ ചരിത്രത്തിൽ ഒരു മാസം മാത്രം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാന്‍ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. നാല് വില്ലേജ് ഓഫിസർമാരും, രണ്ട് സർവേ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇത് കൂടാതെ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെയും, ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥനെയും, ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് വരും മാസങ്ങളിലും തുടരുമെന്നും, കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.

Exit mobile version