Site iconSite icon Janayugom Online

കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; വാഗ്ദാനം 100 കോടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവട നീക്കവുമായി വീണ്ടും ബിജെപി. കൂറുമാറുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം. കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയാണ് ബിജെപിയുടെ അണിയറ നീക്കം പരസ്യമാക്കിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, കേന്ദ്ര സഹമന്ത്രി ശോഭ കരന്താലജെ, പ്രഹ്ലാദ് ജോഷി, കേന്ദ്ര മന്ത്രിയും ജനതാദള്‍ സെക്യുലര്‍ നേതാവുമായ എച്ച് ഡി കുമാരസ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ പണം നല്‍കി ബിജെപി പാളയത്തില്‍ എത്തിക്കാന്‍ രഹസ്യനീക്കം നടത്തുന്നതെന്നും രവികുമാര്‍ ഗൗഡ പറഞ്ഞു. 

ഓപ്പറേഷന്‍ കമല എന്ന പേരിലാണ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ നീക്കം നടത്തുന്നത്. സിദ്ധരാമയ്യ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നാല്‍വര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഏറെനാളായി നടന്നു വരുന്നതായും മാണ്ഡ്യയില്‍ നിന്നുള്ള എംഎല്‍എയായ രവികുമാര്‍ വെളിപ്പെടുത്തി. കൂറുമാറുന്ന എംഎല്‍എമാര്‍ക്ക് 50 മുതല്‍ 100 കോടി വരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതു സംബന്ധിച്ച ഫോണ്‍കോള്‍ തനിക്ക് ലഭിച്ചിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് 50 ഓളം എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനാണ് ബിജെപി രഹസ്യമായി നീക്കം നടത്തുന്നത്. തന്നെ ബന്ധപ്പെട്ട നേതാവിനോട് 100 കോടി രൂപ കൈയ്യില്‍ വയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിഷയം എന്‍ഫോഴ്സ്മെന്റിനെ (ഇഡി) രേഖമൂലം അറിയിക്കുന്നത് സംബന്ധിച്ച് സജീവമായി ആലോചിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ തുടക്കം മുതല്‍ ബിജെപിയും സഖ്യകക്ഷികളും ശ്രമം നടത്തി വരികയാണ്. എന്നാല്‍ ബിജെപിയുടെ കൗശലം വിജയം കാണാന്‍ പോകുന്നില്ലെന്നും രവികുമാര്‍ ഗൗഡ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇദ്ദേഹം ബിജെപിയുടെ കുതിരക്കച്ചവടം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസിലെ നാല് എംഎല്‍എമാര്‍ക്ക് 50 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതു സംബന്ധിച്ചുള്ള തെളിവും അന്ന് രവികുമാര്‍ ഗൗഡ പുറത്തുവിട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ ഞെട്ടിച്ച് 224 സീറ്റുകളില്‍ 136 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികരത്തില്‍ വന്നത്. 

Exit mobile version