Site icon Janayugom Online

ഓപ്പറേഷന്‍ താമര: തുഷാര്‍ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്

thushar

തെലങ്കാന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്തുവിട്ട് ടിആര്‍എസ്. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്നതെന്ന് കരുതുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ ഇതില്‍ വ്യക്തതയില്ല. രണ്ട് ദിവസത്തിനകം ഡീല്‍ ഉറപ്പിക്കാമെന്നും അതിന് മുമ്പ് ടിആര്‍എസിന്റെ എംഎല്‍എമാരെ കാണാമെന്നും തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്. ബി എല്‍ സന്തോഷ് കാര്യങ്ങള്‍ ഡീല്‍ ചെയ്ത് തരുമെന്നാണ് തുഷാര്‍ പറയുന്നത്. അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീല്‍ ഉറപ്പിക്കാമെന്നും ടിആര്‍എസിന്റെ എംഎല്‍എമാര്‍ക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കെസിആറിന്റെ ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ എന്ന് പറഞ്ഞു ശബ്ദരേഖ പുറത്ത് വിട്ടത്. തെലങ്കാന ഹൈക്കോടതിയിലും വീഡിയോ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. 

തെലങ്കാനയിലേതുള്‍പ്പടെ നാല് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി പദ്ധതിയിടുകയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങളെന്നും വീഡിയോ തെളിവുകളടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറുമെന്നും കെസിആര്‍ പറഞ്ഞു. അതേസമയം, വീഡിയോകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസില്‍ ബിജെപിയുമായി ബന്ധമുള്ള രാമചന്ദ്രഭാരതി, സിംഹയാജി, നന്ദുകുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഹൈക്കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Eng­lish Sum­ma­ry: Oper­a­tion Tama­ra: TRS released the audio record­ing of Tusshar Vellappally

You may also like this video

Exit mobile version