Site iconSite icon Janayugom Online

ഓപ്പറേഷൻ യെല്ലോ: 1.18 കോടി രൂപ പിഴ

‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയുടെ ഭാഗമായി 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റി. പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 31 വരെ ലഭിച്ചത് 6796 പരാതികളാണ്. അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ — പൊതുവിതരണ വകുപ്പ് നടപ്പാക്കിയതാണ് ‘ഓപ്പറേഷൻ യെല്ലോ’. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു.
ഓപ്പറേഷൻ യെല്ലോ പദ്ധതി ഡിസംബർ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്ന വമ്പന്മാരെയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താൽ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി നിർദ്ദേശിച്ചു. അനധികൃത റേഷൻ കാർഡുകളെക്കുറിച്ച് 9188527301, 9188521967 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. വിവരം നൽകുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം അപേക്ഷകൾ പരിശോധിച്ച് 2,85,687 കാർഡുകൾ വിവിധ വിഭാഗങ്ങളിലേക്ക് മാറ്റി നൽകി. ഇതിൽ 20,171 മഞ്ഞ (എഎവൈ) കാർഡുകളും 2,65,516 പിങ്ക് (പിഎച്ച്എച്ച്) കാർഡുകളും ഉൾപ്പെടുന്നു. 2,86,394 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 68,514 പിങ്ക് കാർഡുകൾ, 2,11,320 വെള്ള (എൻപിഎൻഎസ്) കാർഡുകൾ, 6560 ബ്രൗൺ (എൻപിഐ) കാർഡുകളുണ്ട്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖേന ലഭിച്ച 43,92,542 അപേക്ഷകളിൽ 43,22,927 എണ്ണം തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റാനായി സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ 74,205 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 92,96,348 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 5,89,413 എണ്ണം മഞ്ഞ കാർഡുകളും 35,07,924 പിങ്ക് കാർഡുകളും 23,29,574 നീല കാർഡുകളും 28,41,894 വെള്ള കാർഡുകളും 27,543 ബ്രൗൺ കാർഡുകളുമാണ്.

അരി വിതരണം 15 വരെ നീട്ടി

തിരുവനന്തപുരം: പിഎംജികെഎവൈ പ്രകാരമുള്ള അരി കിട്ടിയില്ലെന്ന പരാതിയെ തുടര്‍ന്ന് ഒക്ടോബർ മാസത്തെ അരി വിതരണം ഈ മാസം 15 വരെ നീട്ടി ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍-ഇന്‍-പരിപാടിയില്‍ വന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. റേഷൻ സംവിധാനത്തിന്റെ ഭാഗമായി വരുന്ന ഫോൺ സന്ദേശം ലഭിക്കുന്നില്ലെന്ന പരാതിയിൽ സെർവർ തകരാറ് പരിഹരിച്ചിട്ടുണ്ട്. ഒക്ടോബർ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ‑ഇൻ-പരിപാടിയിൽ 19 പരാതികളാണ് ലഭിച്ചത്. 

Eng­lish Sum­ma­ry: Oper­a­tion Yel­low: Rs 1.18 crore fine

You may also like this video

Exit mobile version