Site iconSite icon Janayugom Online

ഗ്രീൻലാൻഡിലെ യുഎസ് അധിനിവേശത്തെ എതിര്‍ത്തു; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10% തീരുവ

ഗ്രീൻലാൻഡിലെ യുഎസ് അധിനിവേശത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 10% തീരുവ പ്രഖ്യാപിച്ചു. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യങ്ങൾ യുഎസിലേക്കുള്ള കയറ്റുമതിക്ക് 10% തീരുവ നൽകണമെന്ന് ട്രംപ് പറഞ്ഞു. 2026 ജൂൺ മുതൽ നിരക്ക് 25% ആയി ഉയരും. 

തീരുവ ഏര്‍പ്പെടുത്തിയ എട്ട് രാജ്യങ്ങളും അജ്ഞാതമായ ഉദ്ദേശ്യത്തോടെ ഗ്രീന്‍ലാന്‍ഡിലേക്ക് സെെന്യത്തെ അയച്ചു. ഈ സാഹചര്യം യുഎസിന്റെ സുരക്ഷയ്ക്കും നിലനില്‍പ്പിനും വളരെ അപകടകരമാണ്. ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും മതിയായ പ്രതിഫലം ഇല്ലാതെ പതിറ്റാണ്ടുകളായി യുഎസ് സംരക്ഷണത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയതായി ട്രംപ് ആരോപിച്ചു. നിരക്ക് ഈടാക്കാതെ വർഷങ്ങളായി ഡെൻമാർക്കിനും യൂറോപ്യൻ യൂണിയനിലെയും മറ്റ് രാജ്യങ്ങള്‍ക്കും യുഎസ് സബ്സിഡി നല്‍കിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് പ്രശ്നത്തെ ആഗോള സുരക്ഷയുടെ വിഷയമായാണ് യുഎസ് പ്രസിഡന്റ് ചിത്രീകരിക്കുന്നത്. ഗ്രീൻലാൻഡ് തന്ത്രപരമായി ദുർബലമായി മാറിയിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. 

ചൈനയും റഷ്യയും ഗ്രീൻലാൻഡിനെ ആഗ്രഹിക്കുന്നു. ദ്വീപിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയു. ഗ്രീന്‍ലാന്‍ഡിന്റെ പ്രാധാന്യം യുഎസ് ദേശീയ പ്രതിരോധവുമായും ലോക സമാധാനവുമായുമാണ് ട്രംപ് ബന്ധിപ്പിച്ചത്. ഗ്രീൻലാൻഡ് പൂർണമായും യുഎസിന്റെ ഭാഗമാകുന്ന കരാറില്‍ എത്തുന്നതുവരെ താരിഫുകള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 150 വര്‍ഷത്തിലേറെയായി ദ്വീപ് ഏറ്റെടുക്കാന്‍ യുഎസ് ശ്രമിച്ചുവെങ്കിലും ഡെന്മാര്‍ക്ക് ആവര്‍ത്തിച്ച് നിരസിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗോള്‍ഡന്‍ ഡോം ഉള്‍പ്പെട്ട യുഎസിന്റെ മിസെെല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. കാനഡയ്ക്കുള്ള സംരക്ഷണം ഉള്‍പ്പെടെ, പദ്ധതിയുമായി ബന്ധപ്പെട്ട് നൂറ് ബില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീന്‍ലാന്‍ഡിനെ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ യുഎസിന്റെ ആധുനിക മിസെെല്‍ പ്രതിരോധ സംവിധാനത്തിന് പരമാവധി സാധ്യതയിലും കാര്യക്ഷമതയിലും പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ട്രംപ് വാദിച്ചു. നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം വേണമെന്ന ട്രംപിന്റെ ആവശ്യം സഖ്യത്തിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. യുഎസിന്റെ ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 25% തീരുവ ചുമത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. 

Exit mobile version