രാഷ്ട്രീയ‑തെരഞ്ഞെടുപ്പ് രംഗത്തെ പണാധിപത്യം, മാധ്യമങ്ങളുടെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും ദുരുപയോഗം എന്നിവയ്ക്കെതിരെ ഒന്നിച്ചു പോരാടാനുറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനായി 11 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍ മൂന്ന് പ്രമേയങ്ങള്‍ പാസാക്കി. സിപിഐ, കോണ്‍ഗ്രസ്, സിപിഐ (എം), സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ടിആര്‍എസ്, ആര്‍ജെഡി, ആര്‍എല്‍ഡി, വെല്‍ഫെയര്‍ പാര്‍ട്ടി, സ്വരാജ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഇവിഎം അടിസ്ഥാനമാക്കിയുള്ള വോട്ടെടുപ്പ് ജനാധിപത്യ തത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ളതല്ലെന്ന് പ്രതിപക്ഷം ചര്‍ച്ചയില്‍ വിലയിരുത്തി. ഓരോ പൗരനും തങ്ങളുടെ വോട്ട് ഉദ്ദേശിച്ചതുപോലെ തന്നെയാണോ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കാൻ കഴിയണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്ന് കരുതാനാവില്ലെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
വോട്ടിങ് പ്രക്രിയ പരിശോധിക്കാവുന്നതോ ഓഡിറ്റ് ചെയ്യാൻ കഴിയുന്നതോ ആയ സോഫ്റ്റ്‌വേറും ഹാർഡ്‌വേറും സ്വതന്ത്രമായി പുനർരൂപകല്പന ചെയ്യണം. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ട് പരിശോധിക്കാന്‍ കഴിയുന്ന രീതിയില്‍ വിവിപാറ്റ് സംവിധാനത്തിലും മാറ്റങ്ങള്‍ കൊണ്ടുവരണം. വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ ലഭ്യമാക്കുകയും അവ എണ്ണുന്നതിനായി ചിപ്പ് രഹിത ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാനും കഴിയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ധനാധിപത്യം രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സമഗ്രതയെ പ്രതിലോമകരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ക്ക് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതില്ല. അതിസമ്പന്നര്‍ തെരഞ്ഞെടുപ്പുകളില്‍ പണമൊഴുക്കി രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കുകയും ഇതിലൂടെ അധികാരം ഉപയോഗപ്പെടുത്തി തങ്ങളുടെ സമ്പത്ത് പരമാവധി വര്‍ധിപ്പിക്കുന്നതിനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ സുതാര്യമല്ലാതാക്കി തെരഞ്ഞെടുപ്പുകളില്‍ വൻ പണത്തിന്റെ പങ്ക് ഉറപ്പിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇലക്ടറല്‍ ബോണ്ടുകള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ, ആശയവിനിമയ സാങ്കേതികവിദ്യകളും മാധ്യമ പ്ലാറ്റ്‌ഫോമുകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും വിദ്വേഷം നിറഞ്ഞ പോസ്റ്റുകളിലൂടെയും ട്വീറ്റുകളിലൂടെയും ധ്രുവീകരണം സൃഷ്ടിക്കുകയാണ്. മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമാവലികളും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ചട്ടലംഘനങ്ങള്‍ക്കു നേരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ണടയ്ക്കുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ശേഷവും ഓൺലൈനിൽ വ്യാജവാർത്തകൾ തടയുന്നതിൽ കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും പ്രമേയത്തില്‍ പറയുന്നു.പ്രമേയങ്ങളോട് സിപിഐ പൂര്‍ണമായും യോജിക്കുന്നതായും വിജയവാഡ പാർട്ടി കോൺഗ്രസിനുള്ള കരട് നയരേഖയില്‍ സമാനമായ പ്രമേയങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
English Summary: opposition fight together against abusing of evm
You may also like