Site iconSite icon Janayugom Online

മോഡിയുടെ സംവരണ വിരുദ്ധതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

കേന്ദ്ര സര്‍ക്കാരിലെ സുപ്രധാന പദവികളില്‍ കരാര്‍ ജീവനക്കാരെ നിയമിച്ച് സംവരണം അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിലപാടിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. വിവിധ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍ അടക്കം 45 തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് യുപിഎസ്‌സി ഓഗസ്റ്റ് 17ന് പരസ്യം പ്രസിദ്ധീകരിച്ചത്. കേന്ദ്രസര്‍ക്കാരിലെ ഉന്നത തസ്തികകളില്‍ നിന്ന് സംവരണം ഒഴിവാക്കാനുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചനയാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 

ദേശവിരുദ്ധ നടപടിയാണിതെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണിത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്‌സി) പകരം രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെ (ആര്‍എസ്എസ്) സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നത് ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കമാണിത്. സംവരണം ഇല്ലാതാക്കാന്‍ മോഡി ഐഎഎസിനെ സ്വകാര്യവല്‍ക്കരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്ക് 2018 മുതല്‍ കരാര്‍ നിയമനം നടത്തുന്നുണ്ട്. ഇതുവരെ 63 പേരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. അതില്‍ 35 പേരും സ്വകാര്യമേഖലയില്‍ നിന്നുള്ളവരാണ്. 57 ഉദ്യോഗസ്ഥര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇത്തരത്തില്‍ ജോലി ചെയ്യുന്നു. സംവരണം തകര്‍ക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കമാണിതെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി പി വില്‍സണ്‍ പറഞ്ഞു. 

നിയമന പ്രക്രിയയില്‍ എസ്‌സി, എസ്‌ടി, പിന്നാക്ക സംവരണം നടപ്പാക്കണമെന്നുള്ള ഭരണഘടനാ ഉത്തരവിനെ യുപിഎസ്‌സി അവഗണിച്ചതിന് മികച്ച ഉദാഹരണമാണ് ശനിയാഴ്ച പുറത്തിറക്കിയ പരസ്യം. ഇത് വഞ്ചനയാണെന്നും വലിയ അഴിമതിയാണെന്നും ഭാരത് ആദിവാസി പാര്‍ട്ടി വക്താവ് ജിതേന്ദ്ര മീണ പറഞ്ഞു. സുപ്രീം കോടതി വഴി പ്യൂണ്‍ തസ്തികകള്‍ വിഭജിച്ച് എസ്‌സി, എസ്‌ടി വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന മോഡി സര്‍ക്കാര്‍, കരാര്‍ നിയമനങ്ങളിലൂടെ യോഗ്യതയുള്ള സംവരണ വിഭാഗക്കാരില്ലെന്ന് പറഞ്ഞ് ഉന്നത തസ്തികകളില്‍ ഉയര്‍ന്ന ജാതിക്കാരെ തിരുകിക്കയറ്റുകയാണെന്നും ചൂണ്ടിക്കാട്ടി. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറ്റും പിന്‍വാതിലിലൂടെ നിയമനം നല്‍കാനുള്ള ഗൂഢാലോചനയാണിതെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചു. കരാര്‍ നിയമനങ്ങള്‍ നടപ്പാക്കുന്നതിലൂടെ പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ഇല്ലാതാകുമെന്നും അത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നും ബിഎസ്‌പി അധ്യക്ഷ മായാവതി ആരോപിച്ചു. താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി. 

Exit mobile version