Site iconSite icon Janayugom Online

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത നിലപാട് തുടരുന്നു; കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 59ൽ നിന്നും 140 ആക്കി ഉയർത്തും

കെപിസിസി പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത നിലപാട് തുടരുന്നതിനാൽ കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 59ൽ നിന്നും 140 ആക്കി ഉയർത്തുവാൻ നീക്കം. സതീശൻ നിർദേശിച്ച പല പേരുകളും വെട്ടിയതാണ് തർക്കത്തിന് കാരണം. സെക്രട്ടറിമാരെ നിയമിച്ച ശേഷം മാത്രം മതിയേയുള്ളൂ പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കൽ എന്നാണ് സതീശന്റെ നിലപാട്.

 

ഈ കടുംപിടിത്തം കാരണം ജനറൽ സെക്രട്ടറിമാരായി നിയമിച്ച 59 പേർക്കും 13 വൈസ് പ്രസിഡന്റുമാർക്കും ഇതുവരെ ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 50 സെക്രട്ടറിമാർ തുടരുന്നുണ്ട്. ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ തുടർച്ച നൽകേണ്ടതുണ്ട്. ഇതിനുപുറമേ 90 പേരെക്കൂടി ഉൾപ്പെടുത്തി ആകെ 140 സെക്രട്ടറിമാരെ നിയമിക്കാനാണ് നീക്കം. 200ലേറെ പേരാണ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാനായി പട്ടികയിൽ വന്നത്.

 

ഗ്രൂപ്പ് താൽപര്യങ്ങൾ പരിഹരിക്കുന്നതിനും ജനറൽ സെക്രട്ടറി പദവിക്കായി പരാതി നൽകിയവരെ അനുരഞ്ജിപ്പിക്കുന്നതിനുമാമായാണ് കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 140 ആയി ഉയർത്താൻ ആലോചന നടത്തുന്നത്. ഒരു നിയമസഭാ മണ്ഡലത്തിന് ഒരാൾ എന്ന നിലയിലാകും നിയമനം നടത്തുകയെന്നാണ് സൂചന.

Exit mobile version