Site iconSite icon Janayugom Online

കേന്ദ്രത്തെ കൂട്ടുപിടിച്ച് പ്രതിപക്ഷത്തിന്റെ കുപ്രചരണം

കേരളത്തില്‍ തോല്ക്കുമ്പോള്‍ കേന്ദ്രത്തെ കൂട്ടുപിടിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. രാഷ്ട്രീയ ലാക്കോടെ വസ്തുതാവിരുദ്ധമായ മറുപടി നല്കി കേന്ദ്ര സര്‍ക്കാര്‍ അതിനൊപ്പം നില്ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടിവന്നതിന്റെ കാരണങ്ങള്‍ ഔദ്യോഗികമായും രാഷ്ട്രീയമായും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ ഇനങ്ങളിലായി കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിലുള്ള കുറവും വായ്പയെടുക്കുന്നതില്‍ അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തി സൃഷ്ടിച്ച തടസങ്ങളുമാണ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങളെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ സമരക്കെണിയില്‍ വീഴാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്ന് വരുമ്പോള്‍ പുതിയ അടവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷവും ബിജെപിയും. വിചിത്രമായ ചോദ്യം ഉന്നയിച്ചും അതിന് സാങ്കല്പികമായ ഉത്തരം നല്കിയുമാണ് പ്രതിപക്ഷവും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ വലതുപക്ഷ മാധ്യമങ്ങളില്‍ വന്‍ തലക്കെട്ടുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചത്. കണക്കുകള്‍ നല്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് കേരളത്തിന് ജിഎസ്‌ടി വിഹിതം കുടിശികയുള്ളതെന്നാണ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം എന്തോ വലിയ സംഭവമെന്നതുപോലെ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. കേരളത്തിന് ജി
എസ്‍ടി വിഹിതം അനുവദിക്കാത്തതു സംബന്ധിച്ച ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷത്തെ എന്‍ കെ പ്രേമചന്ദ്രന്‍ തങ്ങള്‍ക്ക് വലിയൊരു പ്രചരണായുധം കിട്ടിയ പ്രതീതിയുണ്ടാക്കിയത്. പക്ഷേ അതിന് നിമിഷങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ.

എല്ലാ കള്ളങ്ങളെയും പൊളിച്ചുകൊണ്ട് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. കേരളം കൃത്യമായി കണക്കുകള്‍ സമര്‍പ്പിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാനം അഞ്ചുവർഷമായി കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും അതിനാലാണ് നഷ്ടപരിഹാരം നൽകാത്തതെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ മറുപടി. അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് ജിഎസ്‌ടി നഷ്ടപരിഹാരം അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. 2018 മുതൽ ഒരുവർഷം പോലും ജിഎസ്‌ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ലെന്നും ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്രത്തെ കുറ്റപ്പെടുത്തുമെന്നുകൂടി മന്ത്രി പറഞ്ഞപ്പോള്‍ ചോദ്യകര്‍ത്താവും പ്രതിപക്ഷവും ഒപ്പം കേരളത്തിലെ ബിജെപിയും എല്‍ഡിഎഫ് സര്‍ക്കാരിനെ അടിക്കാനുള്ള വലിയൊരു വടി കിട്ടിയ സന്തോഷത്തിലാറാടുകയായിരുന്നു. എന്നാല്‍ ജിഎസ്‌ടി വിഹിതം കുടിശികയുണ്ടെന്ന കാര്യമല്ല, കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതത്തില്‍ വന്‍ കുറവുവന്ന കാര്യമായിരുന്നു സര്‍ക്കാരും എല്‍ഡിഎഫ് നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ മറുപടി പുറത്തുവരികയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം പ്രചരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വിശദീകരണം പുറത്തുവന്നപ്പോഴാണ് ഡല്‍ഹിയില്‍ രൂപപ്പെടുത്തിയ നാടകത്തിന്റെ കള്ളി വെളിച്ചത്തായത്.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


ചോദ്യത്തിലും ഉത്തരത്തിലും സ്ഥാനംപിടിച്ച, കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജിഎസ്‌ടി വിഹിതത്തില്‍ കുടിശികയുണ്ടെന്ന കാര്യം വസ്തുതാപരമല്ലെന്നാണ് മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കിയത്. കേരളത്തിന് കുടിശികയായി ലഭിക്കുവാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് ലഭിക്കുന്ന ജിഎസ്‌ടി വിഹിതം കുടിശികയാണെന്ന ആക്ഷേപം സംസ്ഥാനം ഉന്നയിക്കുന്നുമില്ല. കേന്ദ്രം നിശ്ചയിച്ച വിഹിതമായി 2018 മുതല്‍ ഇതുവരെ 41,000ത്തിലധികം കോടി രൂപയാണ് കിട്ടേണ്ടത്. അതില്‍ 41,000 കോടി രൂപയും ലഭിച്ചു കഴിഞ്ഞു എന്നാണ് മന്ത്രി വിശദീകരിക്കുന്നത്. കണക്കുകള്‍ കൃത്യമായി ലഭിക്കാതെ എങ്ങനെയാണ് ഇത്രയും തുക കേരളത്തിന് നല്കിയതെന്ന മറുചോദ്യവും സംസ്ഥാന ധനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ പ്രശ്നവും കേരളം ഉന്നയിക്കുന്നതും ജിഎസ്‌ടി കുടിശിക ലഭിച്ചില്ലെന്നതായിരുന്നില്ല. 2017 ജൂലൈ ഒന്നിന് രാജ്യത്താകെ ഏകീകൃത സംവിധാനമായി ചരക്കു സേവന നികുതി ആരംഭിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന കുറവ് നികത്തുന്നതിന് അഞ്ചുവര്‍ഷം നഷ്ടപരിഹാരത്തുക നല്കുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതുപോരെന്നും അഞ്ചുവര്‍ഷം കൂടുതലായി നല്കണമെന്നുമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തോടെ നഷ്ടപരിഹാരം അവസാനിപ്പിച്ചു. ഈ ഇനത്തില്‍ 12,000 കോടി രൂപയുടെ കുറവാണ് സംസ്ഥാന വരുമാനത്തില്‍ ഉണ്ടായത്. അതുപോലെതന്നെ ജിഎസ്‌ടി പങ്കുവയ്ക്കല്‍ വിഹിതം 1.92 ശതമാനമായി കുറച്ചതോടെ 18,000ത്തോളം കോടിയുടെ കുറവുമുണ്ടായി. ഇത്തരം കാതലായ വിഷയമാണ് കേരളം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ജിഎസ്‍ടി വിഹിതം വാങ്ങുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രചരിപ്പിച്ച് വിഷയം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കമാണെന്ന് വരുത്തി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിപക്ഷത്തു നിന്നുള്ള അംഗത്തിന്റെ ചോദ്യവും കേന്ദ്രമന്ത്രിയുടെ മറുപടിയുമെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കേരളം നേരിടുന്ന വലിയ അവഗണനയുടെ കൂടി പ്രശ്നമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടെല്ലാം ഒരുപോലെ കേന്ദ്രം കാട്ടുന്ന ശത്രുതാമനോഭാവവും ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് ഉള്‍ക്കൊള്ളാതെ, സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന ബിജെപിയോടൊപ്പം ചേര്‍ന്ന് പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും.

Exit mobile version