ഭരണഘടനയെ കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 13,14 തീയതികളിൽ ലോക്‌സഭയിലും 16,17 തീയതികളിൽ രാജ്യസഭയിലും ചർച്ച നടത്തും. നാളെ മുതൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
അഡാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നിരന്തരം അഡാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്ക്കരിച്ചു. അഡാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന് സഹായം, കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ ലോക്‌സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു .
പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു.