Site iconSite icon Janayugom Online

ബജറ്റ് അവഗണനയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

MPMP

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള ബജറ്റ് അവഗണനയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. മൂന്നാം മോഡി സര്‍ക്കാരിന് ഭരണം ഉറപ്പിച്ചു നിര്‍ത്താന്‍ പിന്തുണ നല്‍കുന്ന ജെഡിയുവും ടിഡിപിയും ബിഹാറിനും ആന്ധ്രാ പ്രദേശിനും ബജറ്റില്‍ ഭീമമായ വകയിരുത്തലാണ് ഉണ്ടായത്. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനം കാട്ടുകയും ചെയ്തു. ഇതിലുള്ള കടുത്ത പ്രതിഷേധമാണ് ഇരുസഭകളിലുമുണ്ടായത്.

നടപടികള്‍ക്ക് മുന്നോടിയായി പാര്‍ലമെന്റിന്റെ മുഖ്യകവാടമായ മകര്‍ ദ്വാറിനു മുന്നിലാണ് പ്രതിപക്ഷ പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സിപിഐ രാജ്യസഭാംഗങ്ങളായ പി സന്തോഷ് കുമാര്‍, പി പി സുനീര്‍, ടിഎംസി, സിപിഐ(എം), ഡിഎംകെ ഉള്‍പ്പെടെയുള്ള ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധത്തില്‍ അണി നിരന്നു.
രാജ്യസഭാ നടപടികളുടെ പ്രാരംഭഘട്ടം പൂര്‍ത്തിയാക്കി ശൂന്യവേളയിലേക്ക് എത്തിയതോടെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അവഗണന സംബന്ധിച്ച വിഷയം ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുപോലും ബജറ്റില്‍ പരാമര്‍ശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തുകയും ചെയ്തു.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകള്‍ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ കഴിയില്ല എന്ന മറുവാദവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രംഗത്തെത്തി. ബജറ്റില്‍ പേര് പരാമര്‍ശിക്കാത്തതുകൊണ്ട് ആ സംസ്ഥാനത്തെ അവഗണിച്ചു എന്നര്‍ത്ഥമില്ലെന്നും നിര്‍മ്മല പറഞ്ഞു.
ലോക്‌സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം ചോദ്യവേള ആരംഭിച്ചതോടെ മുദ്രാവാക്യം വിളികളും ആരംഭിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യവേളയുമായി മുന്നോട്ടു പോകാനാണ് സ്പീക്കര്‍ ഓം ബിര്‍ള ശ്രമിച്ചത്. 

ബജറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ 20 മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ സമയ പരിധി ഉയര്‍ത്താനുള്ള സന്നദ്ധത ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ സഭയെ അറിയിച്ചു. ലോക്‌സഭയിലും ബജറ്റ് ചര്‍ച്ചകളാണ് നേരം വൈകിയും പുരോഗമിച്ചത്. ഈ മാസം 30നാകും ചര്‍ച്ചകള്‍ക്ക് ധനമന്ത്രി മറുപടി നല്‍കുക.
അതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കാണിച്ച ഗുരുതരമായ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന ശനിയാഴ്ചത്തെ നിതി ആയോഗ് യോഗത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ സഖ്യം അറിയിച്ചു. 

Eng­lish Sum­ma­ry: Oppo­si­tion protests in Par­lia­ment against bud­get neglect

You may also like this video

Exit mobile version