നക്സലിസമെന്ന പേരുചാര്‍ത്തി എതിര്‍ ശബ്ദങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്ന് വ്യക്തമായ സൂചന നല്കി ചിന്തന്‍ ശിബിറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം. സീരജ്കുണ്ഡില്‍ നടന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സൂചന നല്കിയത്. നക്സലിസമെന്ന പേരിലാണ് എതിര്‍ ശബ്ദങ്ങളെ നിയന്ത്രിക്കണമെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്.
നക്‌സലിസം തോക്കിന്‍ കുഴലിലൂടെയായാലും തൂലികയിലൂടെ ആയാലും അത് പരാജയപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ആരായാലും നക്‌സലിസത്തെ വേരോടെ പിഴുതെറിയാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. നക്‌സലിസം ചെറുക്കാന്‍ രാജ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ സഹായങ്ങള്‍ ലഭിക്കുന്ന കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും അത് തടയേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി മുന്നോട്ടു വച്ചു.
എതിര്‍ ശബ്ദങ്ങള്‍ ഉന്നയിച്ചതിന്റെയും സാഹിത്യ സൃഷ്ടി നടത്തിയതിന്റെയും പേരില്‍ നക്സല്‍ ബന്ധമാരോപിച്ച് നിരവധി പേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കൂടതല്‍ ശക്തമായ നടപടികളുടെ സൂചന നല്കിയതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. എതിരാളികളെ ജയിലിലടയ്ക്കുന്നതിനു ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന യുഎപിഎ നിയമത്തെ പ്രകീര്‍ത്തിക്കുവാനും പ്രധാനമന്ത്രി മറന്നില്ല. കാടന്‍ നിയമമായ യുഎപിഎ എടുത്തുകളയണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് അതിനെ പ്രധാനമന്ത്രി പ്രശംസിച്ചതെന്നതും നിലപാടുകള്‍ കടുപ്പിക്കുമെന്നതിന്റെ സൂചനയായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
യുഎപിഎ പോലുള്ള നിയമങ്ങള്‍ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഭരണകൂടങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും അഴിമതിയും ഭീകരതയും ഹവാല ഇടപാടുകളും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്താകെ പൊലീസ് സേനയ്ക്ക് ഏകീകൃത യൂണിഫോം എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. രാജ്യത്തെവിടെയും പൊലീസ് സേനയെ തിരിച്ചറിയാന്‍ ഇത് പൗരന്മാരെ സഹായിക്കുമെന്നും മോഡി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. ഭരണഘടനാ പ്രകാരം ആഭ്യന്തരം സംസ്ഥാന വിഷയമാണ്. പൊലീസ് സേനയുടെ വാഹനങ്ങള്‍ പഴയതാകരുത്. അത് സേനയുടെ പ്രവര്‍ത്തന ക്ഷമതയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വീക്ഷണത്തോടെ മുന്നോട്ടു പോയാല്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യാനാകുമെന്നും മോഡി അഭിപ്രായപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത ദ്വദിന ചിന്തന്‍ ശിബിറില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാര്‍, ഡി ജി പിമാര്‍, കേന്ദ്ര പൊലീസ് സേനാ തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തന്‍ ശിബിറിന്റെ അവസാന ദിവസമായ ഇന്നലെ യോഗത്തില്‍ പങ്കെടുത്തില്ല.
English Summary: Opposition voices should be suppressed under the name of Naxalism
You may also like this video