Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതം : എം വി ഗോവിന്ദൻ

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കുവേണ്ടി ആര്‍എസ്എസുമായി എഡിജിപി ഡീലുണ്ടാക്കാന്‍ പോയി എന്ന വി ഡി സതീശന്റെ ആരോപണം അസംബന്ധമെന്ന് മാത്രമല്ല, അതിലധികമാണ് ആ പ്രസ്താവനയെന്ന് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും ഒരു സംഘടനയുമായി ബന്ധമുണ്ടാക്കേണ്ട കാര്യം മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ ഇല്ല. ഈ പാര്‍ട്ടിയെ തകര്‍ക്കുന്നതിനുവേണ്ടി അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. അതിനോട് പൊരുതിയിട്ടാണ് സിപിഐ(എം) ഇവിടെ പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍ ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്.

നേമത്ത് ഒ രാജഗോപാല്‍ ജയിച്ചതും കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ്. ആരാണ് ബന്ധമുണ്ടാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം. അത് മൂടിവച്ചുകൊണ്ട് സിപിഐ(എം) ബന്ധമുണ്ടാക്കിയെന്ന് കൊട്ടിഘോഷിക്കാനാണ് വി ഡി സതീശനും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. വീക്ഷണത്തിന്റെ പത്രാധിപര്‍ ആയിരുന്ന കെ എല്‍ മോഹനവര്‍മ്മ ബിജെപിയില്‍ ചേര്‍ന്ന ദിവസം തന്നെയാണ് വി ഡി സതീശന്‍ ആര്‍എസ്എസ്-സിപിഐ(എം) ബന്ധമുണ്ടാക്കിയെന്ന് കള്ളപ്രചാരവേല നടത്തുന്നതെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പി വി അന്‍വര്‍ നല്‍കിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചു. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടാണ് പരാതിയിലുള്ളത്. ഭരണതലത്തിലുള്ള പരിശോധനയാണ് വേണ്ടത്. പൊലീസിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഡിജിപി നേതൃത്വം നല്‍കുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നാണ് കാണുന്നത്. ആ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിതലത്തില്‍ പരിശോധിക്കേണ്ട എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കും. തെറ്റായ നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശനമായ നടപടി പാര്‍ട്ടി സ്വീകരിക്കും. 

പി ശശിയെ സംബന്ധിച്ച് ഒരു പരാതിയും പി വി അന്‍വര്‍ പാര്‍ട്ടിക്ക് എഴുതിത്തന്നിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ പരിശോധന നടത്തേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ അതിന് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കും. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പി വി അന്‍വര്‍ ഇങ്ങനെയല്ല നിലപാട് സ്വീകരിക്കേണ്ടതെന്നും പരസ്യമായി പറയുകയല്ല വേണ്ടതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് ഇപ്പോള്‍ സ്വന്തമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്‍വര്‍ പറയുന്നത് കേട്ട് സമരത്തിനിറങ്ങേണ്ടിവരുന്നത്. പൊലീസിനെതിരെ പല പ്രശ്നങ്ങളും പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരും ഉന്നയിക്കുന്നുണ്ട്. തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നീക്കം നടന്നുവെന്ന ആരോപണം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു. 

Exit mobile version