എൽഡിഎഫ് ഭരിക്കുന്നതിനാൽ കേരളത്തിൽ വികസനം വേണ്ടെന്നാണ് പ്രതിപക്ഷ നിലപാടെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഈ വികസനവിരുദ്ധ നിലപാട് തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം
അടിസ്ഥാന സൗകര്യ വികസനത്തിലെ പിന്നാക്കാവസ്ഥ മാറ്റാനാണ് കെ–- റെയിൽ പദ്ധതി. പദ്ധതിയുടെ തുടക്കം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ഒരുലക്ഷം കോടി രൂപ ചെലവുവരുന്ന അതിവേഗ ലൈനാണ് മുന്നോട്ടുവച്ചത്. പ്രതിപക്ഷവുമായി ഇത് ചർച്ച ചെയ്‌തു. പണം എവിടെനിന്ന് കിട്ടുമെന്ന് പ്രതിപക്ഷ കക്ഷികൾ ആരാഞ്ഞു. പണത്തിന് വിഷമമില്ല, കടമെടുക്കാമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി
എങ്കിൽ പദ്ധതി നടക്കട്ടെയെന്ന നിലപാടാണ് അന്ന് പ്രതിപക്ഷം സ്വീകരിച്ചത്. ഇപ്പോൾ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന അർധ അതിവേഗ ലൈനിന് 63,000 കോടി രൂപ മതി. ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നിർദേശം വച്ചവരാണ് 63,000 കോടിയുടെ പദ്ധതിയെ എതിർക്കുന്നത്.
ശബരിമല വിമാനത്താവളം വേണ്ടെന്ന നിർദേശമാണ് പാർലമെന്റിലെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ കോൺഗ്രസ് എംപിമാർ വച്ചത്. ഇത്തരം എതിർപ്പിനുമുന്നിൽ സർക്കാർ കീഴടങ്ങില്ല. റെയിൽ പദ്ധതിയിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച വില ഉറപ്പാക്കും. ഗെയിൽ പൈപ്പ് ലൈൻ, കണ്ണൂർ വിമാനത്താവള പദ്ധതികളുടെ മാതൃക ഇവിടെയും ഉറപ്പാക്കും.
ജനങ്ങളെ കണ്ണീർ കുടിപ്പിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കില്ല. പരിസ്ഥിതിക്ക് പ്രയാസമുണ്ടാക്കുന്നവയ്ക്ക് കൂട്ടുനിൽക്കുകയുമില്ല. പരിസ്ഥിതിയുടെയും ജനങ്ങളുടെയും പേരുപറഞ്ഞ് വികസനത്തിനെതിരായി കലാപം സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെയും ബിജെപിയുടെയും തന്ത്രങ്ങൾ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു
English Summary: Opposition’s stance on development exposed: Kodiyeri
you may also like this video :