അധികാരമേറിയ ശേഷമുള്ള എട്ടുവര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനങ്ങളും നടപ്പിലാക്കുവാന്‍ ശ്രമിച്ച പദ്ധതികളും പാളിപ്പോയതിന്റെ കണക്കെടുപ്പ് പല ഘട്ടങ്ങളില്‍ നടന്നിട്ടുള്ളതാണ്. ഏകാധിപത്യ മനോഭാവത്തോടെയും ജനാധിപത്യ വിരുദ്ധമായും കൈക്കൊള്ളുവാന്‍ ശ്രമിച്ച നടപടികളും നിയമനിര്‍മ്മാണ നീക്കങ്ങളും നിരവധിയാണ്. ചിലത് വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട്. വിപുലമായ കൂടിയാലോചനകളോ മതിയായ മുന്നൊരുക്കങ്ങളോ ഇല്ലാതെ നടപ്പിലാക്കിയ നോട്ടുനിരോധനം, ചരക്കുസേവന നികുതി, കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞത്, കാര്‍ഷിക കരിനിയമം എന്നിവയൊക്കെ അതില്‍ ചിലതാണ്. ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ തൊഴില്‍ രഹിത ജനസമൂഹത്തിന്റെ ആശങ്കകള്‍ പരിഗണിക്കാതെയും മറച്ചുവയ്ക്കപ്പെട്ട അജണ്ടകളോടെയും പ്രഖ്യാപിച്ച അഗ്നിപഥ് എന്ന പേരിലുള്ള സൈനിക നിയമനരീതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കുകയുമാണ്. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും പിന്നീട് അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യനാളുകളിലും പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു വിദേശ രാജ്യങ്ങളിലെ കള്ളപ്പണം സംബന്ധിച്ചുള്ളത്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത വിദേശ നിക്ഷേപവും കള്ളപ്പണവും പിടിച്ചെടുത്താല്‍തന്നെ സമ്പദ്ഘടനയ്ക്ക് വലിയ ആശ്വാസമാകുമെന്ന് പറഞ്ഞുകൊണ്ടിരുന്ന മോഡി ഒരു തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ ആവേശം കത്തിക്കയറിയപ്പോള്‍, ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യക്കാരുടെ വിദേശത്തുള്ള അനധികൃത നിക്ഷേപങ്ങളും കള്ളപ്പണവും കണ്ടെത്തി തിരികെയെത്തിക്കുമെന്നും അത് ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപ വീതമായി അക്കൗണ്ടുകളിലിടുമെന്നും വരെ പറഞ്ഞുവച്ചു. പിന്നീട് നരേന്ദ്രമോഡി അത് മറന്നുവെങ്കിലും ബിജെപിക്കാര്‍ മോഡി അങ്ങനെയല്ല പറഞ്ഞതെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും ആ പ്രസംഗം ലഭ്യമാണ്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം കള്ളപ്പണത്തിനെതിരായ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ജനം പ്രതീക്ഷിച്ചത്. അതിന്റെ ഭാഗമെന്ന പേരിലാണ് നോട്ടുനിരോധനം രാജ്യത്ത് നടപ്പിലാക്കിയത്. അത് ഇന്ത്യയിലെ അതിസമ്പന്നരൊഴികെയുള്ള ജനസംഖ്യയിലെ എല്ലാ വിഭാഗത്തെയും എത്രത്തോളം ദോഷകരമായാണ് ബാധിച്ചതെന്നതും എന്തു ഫലമാണ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുണ്ടാക്കിയതെന്നതും ഇപ്പോഴും അവസാനിക്കാത്ത സംവാദ വിഷയമാണ്. നോട്ടുനിരോധനം ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താനോ ഇല്ലാതാക്കുന്നതിനോ കാരണമായില്ലെന്നതാണ് നേരനുഭവമെങ്കിലും വിദേശ കള്ളപ്പണ നിക്ഷേപവും അനധികൃത സമ്പാദ്യവും തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് തന്നെയാണ് രാജ്യം പ്രതീക്ഷിച്ചത്.
ഇതുകൂടി വായിക്കാം; ദുരിതജീവിതത്തിന്റെ, പരാജയത്തിന്റെയും എട്ടുവര്‍ഷങ്ങള്‍
എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല നിക്ഷേപവും കള്ളപ്പണവും കൂടിക്കൂടി വരികയാണെന്ന റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ച് പുറത്തുവരികയാണുണ്ടായത്. ഇത്തരം നിക്ഷേപങ്ങളെയും കള്ളപ്പണത്തെയും സംബന്ധിച്ച വെളിപ്പെടുത്തലുകളും വിവരങ്ങളുടെ ചോര്‍ത്തലുകളും പല തവണയുണ്ടായി. 2015ലെ എച്ച്എസ്ബിസി ലീക്ക്, 2016ലെ പനാമ പേപ്പര്‍ലീക്ക്, പണ്ടോറ പേപ്പര്‍ ലീക്ക് എന്നിങ്ങനെ പേരുകളില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങളും കള്ളപ്പണവും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. വ്യക്തികളെയും സംരംഭങ്ങളെയും പ്രത്യേകം പരാമര്‍ശിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നതെങ്കിലും ഫലപ്രദമോ ശക്തമോ ആയ ഒരു നടപടിയും നരേന്ദ്രമോഡി സര്‍ക്കാരില്‍ നിന്നുണ്ടായില്ല. എന്നുമാത്രമല്ല ഓരോ വര്‍ഷവും സ്വിസ് ബാങ്ക് ഉള്‍പ്പെടെയുള്ളവയിലെ നിക്ഷേപം കൂടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതകളാണ് വരുന്നത്. ഏറ്റവും ഒടുവില്‍ സ്വിറ്റ്സര്‍ലന്റ് സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ ഇന്ത്യക്കാരുടെ നിക്ഷേപത്തോത് അമ്പതു ശതമാനത്തിലധികം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2020ല്‍ 20,700 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന സ്ഥാനത്ത് 2021ല്‍ 30,500 കോടിയായി ഉയര്‍ന്നു. 2019ല്‍ 6,625 കോടിയുണ്ടായിരുന്നതാണ് 2020ല്‍ 286 ശതമാനം വര്‍ധിച്ച് 20,700 കോടി രൂപയായത്. 2020ല കണക്കുകള്‍ പുറത്തുവന്നപ്പോള്‍ അത് തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്ര ധനമന്ത്രാലയം സ്വീകരിച്ചത്. ഇത്തവണയും അതുണ്ടായേക്കും. എന്നുമാത്രമല്ല കള്ളപ്പണം വെളുപ്പിക്കലും അനധികൃത സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തിയവര്‍ക്ക് ഒത്താശ നല്കുകയും രാജ്യം വിടുന്നതിന് അവസരമൊരുക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളും നമ്മുടെ മുന്നിലുണ്ട്. വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്സി, ജതിന്‍ മേത്ത, നിതിന്‍ സന്ദേശര, ചേതന്‍ സന്ദേശര എന്നിങ്ങനെ നിരവധി പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്കിയ മറുപടിയില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ പലരും ബിജെപിയുടെ ഉന്നതരുമായും ഭരണനേതൃത്വവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുമാണ്. ഇതെല്ലാംകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെയും നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്ന അനധികൃത വിദേശ നിക്ഷേപവും കള്ളപ്പണവും കണ്ടെത്തുന്നതില്‍ ചെറുവിരലനക്കുന്നതിന് ബിജെപി സര്‍ക്കാരിനായില്ലെന്നതാണ് അത്. എല്ലാത്തിലുമെന്നതുപോലെ കള്ളപ്പണ വിഷയത്തിലും മോഡി പരാജയമാണെന്നതിന്റെ തെളിവായാണ് സ്വിറ്റ്സര്‍ലന്റ് സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്ക് മുഴച്ചുനില്ക്കുന്നത്.